പരീക്ഷാ ഹാളിൽ നിന്ന് അദ്ധ്യാപിക പുറത്തുവിട്ടില്ല, വിദ്യാർത്ഥി ക്ലാസ് മുറിയിൽ മലമൂത്ര വിസർജനം നടത്തി: കേസെടുക്കുമെന്ന് പൊലീസ്

Thursday 21 March 2019 12:18 PM IST

കൊല്ലം: കടയ്ക്കലിലെ ഒരു സ്കൂളിൽ പരീക്ഷാഹാളിൽ വിദ്യാർത്ഥി മലമൂത്ര വിസർജ്ജനം നടത്തേണ്ടിവന്ന സംഭവത്തിൽ അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കും. എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായ ശേഷം അദ്ധ്യാപികയ്ക്ക് പറയാനുള്ളതുകൂടി കേട്ടിട്ടാകും തുടർ നടപടിയെന്ന് കടയ്ക്കൽ സി.ഐ അറിയിച്ചു. പത്താം ക്ളാസ് വിദ്യാർത്ഥിക്കാണ് പരീക്ഷാഹാളിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ട സ്ഥിതിയുണ്ടായത്.

രസതന്ത്രം പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷ തുടങ്ങി അധികം വൈകാതെ വിദ്യാർത്ഥിയ്ക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കക്കൂസിൽ പോകാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥി ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. അദ്ധ്യാപിക ഇതിന് അനുവദിക്കാതെ വന്നപോൾ കേണപേക്ഷിച്ചു. എന്നിട്ടും പോകാൻ അനുവദിക്കുകയോ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടിനെയോ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇതോടെയാണ് പരീക്ഷയെഴുതാൻ കഴിയാത്ത വിധം അവശനായ വിദ്യാർത്ഥി ഇട്ടിരുന്ന വസ്ത്രത്തിൽ മലമൂത്ര വിസർജ്ജനം നടത്തിയത്. ഇതിന് ശേഷവും അദ്ധ്യാപിക പുറത്തേക്ക് വിടാൻ തയ്യാറായില്ല.

മറ്റ് വിദ്യാർത്ഥികളും സ്കൂൾ അധികൃതരും വിഷയം അറിഞ്ഞു. നല്ലവണ്ണം പഠിക്കുന്ന കുട്ടിക്ക് നേരാംവണ്ണം പരീക്ഷയെഴുതാനും കഴിഞ്ഞില്ല. വീട്ടിലെത്തിയെങ്കിലും കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞില്ല. ഇന്നലെയാണ് സംഭവം രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയുടെയും രക്ഷകർത്താക്കളുടെയും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും അദ്ധ്യാപികയ്ക്ക് പറയാനുള്ളത് പൊലീസ് കേൾക്കുക.