തുഷാരഗിരി സംരക്ഷണം: 24 ഏക്കർ വിലയ്ക്കെടുക്കുന്നതിൽ വൈകാതെ തീരുമാനം

Wednesday 11 August 2021 12:02 AM IST

മുക്കം: കോടഞ്ചേരി തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രം സംരക്ഷിക്കാൻ സ്വകാര്യവ്യക്തികളിൽ നിന്ന് 24 ഏക്കർ ഭൂമി വിലയ്ക്കു വാങ്ങുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലേക്ക് വന്നിരിക്കെ, ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച പരിശോധനകൾക്കും കൂടിയാലോചനകൾക്കുമായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ 16 ന് തുഷാരഗിരി സന്ദർശിക്കും. അതിനിടയ്ക്ക്, നിലവിലെ സ്ഥിതി പരിശോധിച്ച് സ്ഥലത്തിന്റെ സ്വഭാവം നിർണയിക്കാനും വിനോദ സഞ്ചാര സൗകര്യങ്ങൾ നിലനിറുത്തുന്നതു സംബന്ധിച്ച് പഠിക്കാനും അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഏറ്റെടുത്ത ഭൂമി ഉടമകൾക്ക് വിട്ടുകൊടുക്കാൻ സുപ്രിം കോടതിയുടെ അനുകൂലവിധി വന്ന സാഹചര്യത്തിലാണ് തുഷാരഗിരി സംരക്ഷണ വിഷയത്തിൽ ത്വരിതനീക്കം. നാലു പേരിൽ നിന്നായാണ് 24 ഏക്കർ ഭൂമി വിലയ്ക്കെടുക്കാൻ ആലോചിക്കുന്നത്.

വനം വകുപ്പ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച ഭൂമി 2000-ൽ സെക്‌ഷൻ 3 പ്രകാരം പ്രതിഫലം നൽകാതെ സർക്കാർ ഏറ്റെടുത്തതായിരുന്നു. ഇപ്പോൾ സെക്ഷൻ 4 അനുസരിച്ച് വിലയ്ക്കു വാങ്ങുന്ന കാര്യമാണ് സർക്കാർ പരിഗണനയിലുള്ളത്.

നേരത്തെ ഭൂമി ഏറ്റെടുത്തതിനു പിറകെ തന്നെ ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കേസിൽ അടുത്തിടെയാണ് ഭൂമി കർഷകർക്ക് തിരിച്ചു കൊടുക്കാൻ സുപ്രിം കോടതി വിധി വന്നത്. അതോടെ ഉടലെടുത്ത പ്രതിസന്ധി തരണം ചെയ്യാൻ ഭൂമി വിലയ്ക്കെടുക്കുകയേ പോംവഴിയുള്ളൂ എന്ന സഹാചര്യത്തിൽ എത്രയും വേഗം തീരുമാനത്തിലേക്ക് നീങ്ങാൻ കഴിഞ്ഞ ദിവസം മന്ത്രി ശശീന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയിലെത്തുകയായിരുന്നു. തുഷാരഗിരിയുടെ പ്രകൃതിദത്തമായ സ്വാഭാവികത നിലനിറുത്താൻ വനഭൂമി വിട്ടുകൊടുക്കുന്നത് ഒഴിവാക്കണമെന്ന് പരിസ്ഥിതി സംഘടനകളും ആവശ്യമുയർത്തിയതാണ്.

തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ എം.എൽ.എ മാരായ ടി.പി.രാമകൃഷ്ണൻ, ഇ.കെ.വിജയൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, ലിന്റോ ജോസഫ്, കാനത്തിൽ ജമീല, കെ.എം.സച്ചിൻദേവ്, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിഹ്ന എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കോഴിക്കോടു ജില്ലാ കളക്ടറും ജില്ലയിലെ പ്രധാന റവന്യു - വനം വകുപ്പ് ഉദ്യോഗസ്ഥരും ഓൺലൈനിലൂടെയും പങ്കെടുത്തു.

Advertisement
Advertisement