നിയന്ത്രണം കടുപ്പിച്ചു; ലോക്ക് ഡൗൺ കൂടും , അവശ്യവസ്തുക്കൾക്ക് കടകളിൽ എല്ലാവർക്കും പോകാം

Wednesday 11 August 2021 1:20 AM IST

തിരുവനന്തപുരം:കണക്കുകൂട്ടലുകൾ തെറ്റിച്ച് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര കൊവിഡ് അവലോകനയോഗത്തിൽ തീരുമാനിച്ചു. അതേസമയം, കടകളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ, അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്നതിന് ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കി.

എങ്കിലും നിബന്ധനകൾ പാലിക്കാൻ കഴിയുന്നവർ വീട്ടിലുണ്ടെങ്കിൽ അവരെ അയയ്ക്കണം.

നിലവിൽ വാക്സിൻ എടുത്തവർ,രോഗം ഭേദമായവർ എന്നിവർക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. അല്ലാത്തവർക്ക് കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണമായിരുന്നു.

പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയു.ഐ.പി.ആർ) എട്ടിന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗൺ നടപ്പാക്കാനാണ് നിർദ്ദേശം. നിലവിൽ ഇതു പത്തു കടന്ന സ്ഥലങ്ങളിലാണ് ലോക്ക് ഡൗൺ.

ഇന്നലെത്തെ കണക്ക് അനുസരിച്ച് 266 വാർഡുകളിൽ ഇതു പത്തിന് മുകളിലാണ്. നിയന്ത്രണ പരിധി എട്ടാകുന്നതോടെ നൂറോളം വാർഡുകൾ കൂടി ഉൾപ്പെടും. ഈ നിരക്ക് 14 കടന്ന ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർദ്ധിപ്പിക്കും.

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും പങ്കെടുക്കും.

വിദേശത്തു പോകാനായി വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും.

നിയന്ത്രണങ്ങൾ

ഓണത്തിന് ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ല.

ബീച്ചുകളിൽ വീണ്ടും നിയന്ത്രണം

ലൈസൻസ് ഉള്ളവർക്കു മാത്രം വഴിയോരകച്ചവടം

ശബരിമല

ശബരിമലയിൽ മാസപൂജക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കുമെങ്കിലും രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം.

Advertisement
Advertisement