നിർജീവമായി 5.82 കോടി ജൻധൻ അക്കൗണ്ടുകൾ

Wednesday 11 August 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്ത് 5.82 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ നിർജീവമെന്ന് ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരമുള്ള മൊത്തം അക്കൗണ്ടുകളുടെ 14 ശതമാനമാണിത്. ബാങ്കിംഗ് രംഗത്തേക്ക് പിന്നാക്കവിഭാഗങ്ങളെയും ആകർഷിക്കാനായി ഒന്നാംമോദി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ജൻധൻ. പത്തിലൊന്ന് ജൻധൻ അക്കൗണ്ടുകളും നിർജീവമെന്നാണ് ധനമന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

രണ്ടുവർഷമായി വായ്‌പകളോ നിക്ഷേപങ്ങളോ ഉൾപ്പെടെ യാതൊരു ഇടപാടുകളും നടക്കാത്ത സേവിംഗ്സ് അക്കൗണ്ടുകളെ നിർജീവമായി കണക്കാക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. ജൂലായ് 28ലെ കണക്കുപ്രകാരം, നിർജീവമായ മൊത്തം ജൻധൻ അക്കൗണ്ടുകളിൽ 35 ശതമാനം (2.02 കോടി അക്കൗണ്ടുകൾ) വനിതകളുടേതാണെന്ന് ധനസഹമന്ത്രി ഡോ. ഭഗവത് കരാഡ് രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.

42.83 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകളാണ് ആകെയുള്ളത്; മൊത്തം നിക്ഷേപം 1.43 ലക്ഷം കോടി രൂപയും. പൊതുമേഖലാ ബാങ്കുകളിലെ നിർജീവ ജൻധൻ അക്കൗണ്ടുകൾ 18.08 ശതമാനത്തിൽ നിന്ന് 14.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബാങ്കിംഗ് രംഗത്തേക്ക് ഇനിയും കടന്നിട്ടില്ലാത്തവരെ ആകർഷിക്കാനുള്ള 'സാമ്പത്തിക ഉൾപ്പെടുത്തലിന്റെ" (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഭാഗമായാണ് ജൻധൻ പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചത്. പൂജ്യം ബാലൻസ് അക്കൗണ്ടുകളാണിവ.

ജൻധൻ അക്കൗണ്ടുടമകൾക്ക് റൂപേ ഡെബിറ്റ് കാർഡ് ലഭ്യമാണ്. നിക്ഷേപങ്ങൾക്ക് പലിശയും കിട്ടും. രണ്ടുലക്ഷം രൂപവരെ ആക്‌സിഡന്റ് ഇൻഷ്വറൻസുമുണ്ട്. ഡി.ബി.ടി ഉൾപ്പെടെ കേന്ദ്രാനുകൂല്യങ്ങൾ ലഭ്യമാകുന്ന അക്കൗണ്ടും ജൻധൻ ആണ്.

കേരളത്തിൽ 16%

1.24 കോടി നിർജീവ ജൻധൻ അക്കൗണ്ടുകളുമായി ഉത്തർപ്രദേശാണ് മുന്നിൽ. സംസ്ഥാനത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ 17 ശതമാനമാണിത്. 60.41 ലക്ഷം അക്കൗണ്ടുകളുമായി മദ്ധ്യപ്രദേശ് രണ്ടാമതാണ്. 6.69 ലക്ഷം അക്കൗണ്ടുകളാണ് കേരളത്തിൽ നിർജീവം; സംസ്ഥാനത്തെ ആകെ ജൻധൻ അക്കൗണ്ടുകളുടെ 16 ശതമാനമാണിത്.

എ.ടി.എമ്മിൽ കാശില്ലെങ്കിൽ

ബാങ്കിന് പിഴ

എ.ടി.എമ്മിൽ കാശില്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിന് പിഴ ഈടാക്കാൻ റിസർവ് ബാങ്കിന്റെ തീരുമാനം. ഒക്‌ടോബർ ഒന്നുമുതലാണ് ഇതു നടപ്പാക്കുക. തുടർച്ചയായി 10 മണിക്കൂറിലധികം എ.ടി.എം 'ഔട്ട് ഒഫ് കാഷ്" ആയാലാണ് പിഴ. ജനങ്ങൾക്ക് തടസമില്ലാതെ പണലഭ്യത ഉറപ്പാക്കാനാണിതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

Advertisement
Advertisement