ഒരുഡോസ് വാക്‌സിൻ പോലുമില്ല ജില്ലയിലെ വാക്സിനേഷൻ സ്തംഭിക്കും

Wednesday 11 August 2021 12:04 AM IST

മലപ്പുറം: ജില്ലയിൽ കൊവിഡ് വാക്സിൻ പൂർണ്ണമായും തീർന്നു. ഇന്ന് വാക്സിനേഷൻ നടത്താൻ ഒരു ഡോസ് പോലുമില്ല. ഇന്നലെ ഏഴായിരം ഡോസ് വാക്സിനാണ് ഉണ്ടായിരുന്നത്. 5,000 ഡോസ് കോവാക്സിനും 2,000 ഡോസ് കൊവിഷീൽഡും. പരിമിതമായ സ്റ്റോക്കാണ് ഓരോ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നത്. ഇതു പൂർണ്ണമായും നൽകി. ജില്ലയിൽ എപ്പോൾ വാക്സിനെത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ രൂപമില്ല. 30,000 ഡോസ് വാക്സിൻ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും എറണാകുളത്ത് നിന്ന് കോഴിക്കോട്ടെ വാക്സിൻ സ്റ്റോറിൽ എത്തിയ ശേഷമേ ലഭ്യമാവൂ.

ഈമാസം തുടക്കം മുതൽ ജില്ലയിൽ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ ഇന്നലെ വരെ 1,77,001 പേർക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രതിദിനം വാക്സിൻ ലഭിക്കുന്നവരുടെ എണ്ണം 20,000 തൊട്ടത് രണ്ടുദിവസങ്ങളിൽ മാത്രമാണ്. ആഗസ്റ്റ് മൂന്നിന് 33,733 പേർക്കും തിങ്കളാഴ്ച 25,450 പേർക്കുമായിരുന്നു ഇത്. മേയ് അവസാനം വരെ ഇഴഞ്ഞ് നീങ്ങിയിരുന്ന വാക്സിനേഷൻ ജൂൺ, ജൂലൈ മാസങ്ങളിൽ മികച്ച രീതിയിൽ മുന്നേറിയിരുന്നു. വാക്സിൻ ലഭ്യതയ്‌ക്കൊപ്പം ആരോഗ്യപ്രവർത്തകരുടെ അക്ഷീണപ്രവർത്തനങ്ങളും വാക്സിനേഷൻ വേഗത്തിലാക്കി. ശരാശരി 20,000ത്തോളം പേർക്ക് മിക്ക ദിവസങ്ങളിലും വാക്സിൻ ലഭ്യമാക്കാനായിരുന്നു.

ജൂലായിൽ 4,54,973 പേർക്കാണ് വാക്സിൻ ലഭ്യമാക്കിയത്. ജില്ലയിൽ വാക്സിനേഷൻ യജ്ഞം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ജൂലായ് 31 മുതൽ ആഗസ്റ്റ് ആറു വരെ 1,38,489 പേർക്ക് വാക്സിൻ നൽകി. 38,512 പേർക്ക് ഒന്നാംഡോസും 13,291 പേർക്ക് രണ്ടാംഡോസും ലഭിച്ചു. മുൻ ആഴ്ചകളിലേതിനോട് കിടപിടിക്കുന്ന വിതരണത്തോതായിരുന്നു ഇത്. എന്നാൽ ഇതിനുശേഷം വാക്സിൻ വിതരണം കുത്തനെ ഇടിഞ്ഞു. ആഗസ്റ്റ് ഏഴിന് ശേഷം 38,512 പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചത്. 25,221 പേർക്ക് ഒന്നാം ഡോസും 13,291 പേർക്ക് രണ്ടാംഡോസും ലഭിച്ചു.

ഇപ്പോഴും അഞ്ചാം സ്ഥാനത്ത്

ജില്ലയിൽ ഇതുവരെ 18.15 ലക്ഷം പേർക്കാണ് കൊവിഡ് വാക്സിൻ ലഭിച്ചത്. ഇതിൽ 8,58,045 പേർ പേർ സ്ത്രീകളും 9,50,048 പേർ പുരുഷന്മാരുമാണ്. വിതരണം ചെയ്തതിൽ 1,63,705 ഡോസ് കൊവിഷീൽഡും 1,69,146 ഡോസ് കോ വാക്സിനുമാണ്. കൊവിഡ് വാക്സിൻ ലഭിച്ചവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് മലപ്പുറം. എറണാകുളത്താണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചത്. 28.22 ലക്ഷം പേർക്ക്. തിരുവനന്തപുരം - 24.77 ലക്ഷം, തൃശൂർ - 20.35 ലക്ഷം, കോഴിക്കോട് - 19.50 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ വാക്സിൻ ലഭിച്ചവരുടെ കണക്ക്.

Advertisement
Advertisement