കവളപ്പാറ ദുരന്തമുഖത്ത് രാപ്പകലില്ലാതെ ഓട്ടം; രണ്ടുവർഷം കഴിഞ്ഞിട്ടും വാടക ലഭിക്കാതെ ടാക്സികൾ

Wednesday 11 August 2021 12:10 AM IST

മലപ്പുറം: കവളപ്പാറ ദുരന്തസമയത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ എൻ.ഡി.ആർ.എഫ്,​ മദ്രാസ് റെജിമെന്റ് സൈനികരെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ പത്ത് ദിവസത്തോളം രാപ്പകൽ ഭേദമില്ലാതെ ഓടിയ ടാക്സി വാഹനങ്ങൾക്ക് രണ്ടുവർഷം കഴിഞ്ഞിട്ടും വാടക ലഭിച്ചിട്ടില്ല. 12 വാഹനങ്ങളാണ് നൂറോളം വരുന്ന സൈനികർക്കായി ഒരുക്കിയിരുന്നത്. മൂന്ന് മിനിബസ്,​ മൂന്ന് ടെമ്പോ ട്രാവലർ,​ മൂന്ന് കാറുകൾ,​ രണ്ട് ടിപ്പർ ലോറികൾ,​ ഒരുപിക്കപ്പ് വാൻ എന്നിവയാണ് നിലമ്പൂർ ജോയിന്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം സർവീസ് നടത്തിയിരുന്നത്. കോയമ്പത്തൂർ,​ ഊട്ടി എന്നിവിടങ്ങളിൽ നിന്നായി സൈനിക വാഹനത്തിൽ പോത്തുകല്ലിലെ ക്യാമ്പിലെത്തിയ സംഘത്തെ ഇവിടെ നിന്ന് വിവിധ ദുരന്തപ്രദേശങ്ങളിലേക്ക് എത്തിക്കുകയും തിരിച്ച് ക്യാമ്പിലേക്ക് എത്തിക്കുകയുമായിരുന്നു ഇവരുടെ ജോലി. കോഴിക്കോട്ടെ മിലിട്ടറി ക്യാമ്പിൽ നിന്ന് സൈനികർക്കുള്ള ഭക്ഷണമെത്തിക്കാനും വാഹനം ഉപയോഗിച്ചിരുന്നു.

സൈനിക വാഹനങ്ങൾ തിരിച്ചുപോയതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം സൈനികരെ കോയമ്പത്തൂർ കോവൈ എയർപോർട്ടിലേക്കും കൂണൂർ പട്ടാളക്യാമ്പിലേക്കും എത്തിച്ചതും ടാക്സി വാഹനങ്ങളിലാണ്. രക്ഷാപ്രവർത്തനത്തിന് എത്തിച്ച ബോട്ടുകൾ എത്തിച്ചത് ടിപ്പറുകളിലായിരുന്നു. 1,8​00 കിലോമീറ്റർ വരെ കാറുകൾ സർവീസ് നടത്തിയിട്ടുണ്ട്. പോത്തുകല്ലിൽ നിന്ന് കളക്ടറേറ്റിലേക്കും മറ്റും നിരന്തരം യാത്രകൾ ചെയ്യേണ്ടിവന്നു. ഓഫ് റോഡുകളിലൂടെ അടക്കം ഓടേണ്ടിവന്നതിനാൽ അറ്റകുറ്റ പണിക്ക് 10,​000 രൂപയിലധികം മുടക്കേണ്ടി വന്ന വാഹനങ്ങളുമുണ്ട്. ചളിയടിഞ്ഞതോടെ സർവീസ് നടത്തിയ ഒരുബസിന്റെ മുഴുവൻ വെൽവെറ്റ് ക്ലോത്തുകളും മാറ്റേണ്ടി വന്നു. 40,​000ത്തോളം രൂപ ചെലവ് വന്നതായി ഉടമ പറയുന്നു. വാടക അനുവദിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പലവട്ടം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഡ്രൈവറായ അബ്ദുൽ അസീസ് പറയുന്നു.

Advertisement
Advertisement