ഓണം സ്പെഷ്യൽ ഡ്രൈവിന് തുടക്കം ലഹരിക്കടത്തുകാ‌ർ ജാഗ്രതൈ! അടുത്തുണ്ട് എക്സൈസ്

Wednesday 11 August 2021 12:01 AM IST

കോഴിക്കോട്: ഓണക്കാലത്തെ ലഹരിയൊഴുക്ക് തടയാൻ തടയണ കെട്ടി എക്‌സൈസ്. ഓണം സ്പെഷ്യൽ ഡ്രെെവിന്റെ ഭാഗമായി പരിശോധനയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ തുടങ്ങി. ചെക്ക് പോസ്റ്റുകളിലും അതിർത്തികളിലും ഉൾപ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.

കോഴിക്കോടും വടരകയിലുമായി എക്സൈസിന്റെ രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. എക്സൈസ് സി.ഐയുടെ മേൽനോട്ടത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, എക്‌സൈസ് ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഫോറസ്റ്റ്, പൊലീസ്, മറെെൻ എൻഫോഴ്സ്‌മെന്റ് , കോസ്റ്റൽ പൊലീസ്, റെയിൽവേ എന്നിവരുമായി സഹകരിച്ച് സംയുക്ത പരിശോധനയും നടക്കും.

ഇതിനകം കടലിൽ രണ്ട് പരിശോധനകളും പേരാമ്പ്ര, പെരുവണ്ണാമുഴി, താമരശ്ശേരി ഭാഗങ്ങളിലെ വനങ്ങളിൽ ആറോളം പരിശോധനകളും നടത്തി കഴിഞ്ഞു. ഇവിടങ്ങളിൽ ദിവസവും പരിശോധനയുണ്ടാകും. കർണാടകയിൽ നിന്നും മാഹിയിൽ നിന്നും വൻതോതിൽ മദ്യവും മയക്കുമരുന്നും കേരളത്തിൽ എത്താൻ സാദ്ധ്യതയുളളതിനാൽ ബോർഡർ പട്രാളിംഗും ഹൈവേ പട്രോളിംഗും ബെെക്ക് പട്രാളിംഗും ശക്തമാക്കി. ആഗസ്റ്റ് 25 വരെ 24 മണിക്കൂറും പരിശോധന തുടരും. വ്യാജമദ്യ നിർമ്മാണം, മദ്യക്കടത്ത്, മയക്കുമരുന്ന് ഉപയോഗം, വിപണം എന്നിവയെക്കുറിച്ച് അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാതലത്തിൽ ആരംഭിച്ചു.

കൺട്രാൾ റൂം നമ്പർ - 0495 2372927 ,

''കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓണത്തിന് മദ്യത്തിന്റെ ഒഴുക്ക് കൂടുതലായിരിക്കും. അത് തടയുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. സുഗുണൻ, അസിസ്റ്റന്റ് എക്സെെസ് കമ്മിഷണർ.

Advertisement
Advertisement