പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ട്രോമ കെയർ സെന്റർ ഉടൻ

Wednesday 11 August 2021 12:57 AM IST

നിർമ്മാണത്തിന് 3.10 കോടി കൂടി അനുവദിച്ചു

കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ട്രോമ കെയർ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 3.10 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. നേരത്തെ അഞ്ച് കോടി അനുവദിച്ചിരുന്നു.

നിലവിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ മൂന്ന് നില കെട്ടിടം നിർമ്മിക്കും. ഭാവിയിൽ രണ്ട് നില കൂടി നിർമ്മിക്കാനായി അഞ്ച് നില കെട്ടിടത്തിന്റെ അടിസ്ഥാനമാണ് ഒരുക്കുന്നത്. നിർമ്മാണം ടെണ്ടർ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ട്രോമ കെയർ സെന്ററിൽ 24 മണിക്കൂറും സർജറി, ഓർത്തോ, മെഡിസിൻ, പീഡിയാട്രിക്, ഇ.എൻ.ടി ഒപികളുണ്ടാകും. ഇതിന് പുറമേ മൂന്ന് കിടക്കകൾ വീതമുള്ള മൂന്ന് ഓർപ്പറേഷൻ തീയേറ്ററുകൾ, രണ്ട് ഐ.സി.യുകൾ, വിവിധ പ്രൊസീജിയർ റൂമുകൾ എന്നിവയുമുണ്ടാകും. ട്രോമ കെയർ സെന്ററിന്റെ പ്രവർത്തനത്തിനടക്കം ഡോക്ടർമാരുടേത് ഉൾപ്പടെ 250 തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

ചികിത്സ വേഗം

പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ട്രോമ കെയർ സംവിധാനം വരുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളിൽപ്പെടുന്നവർക്ക് അതിവേഗം ചികിത്സ ലഭ്യമാക്കാനാകും. നിലവിൽ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് മെഡി. ആശുപത്രിയിൽ എത്തുന്നവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.

Advertisement
Advertisement