ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: ഒമ്പതു മാസമായി ഒളിവിലായിരുന്ന രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി

Wednesday 11 August 2021 3:42 PM IST

കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജുവലറിയുടെ മാനേജിംഗ് ഡയറക്ടറുമായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. കാസർകോട് ഹൊസ്ദുർഗ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. ഒമ്പത് മാസമായി ഒളിവിലായിരുന്ന ഇയാൾക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളുടെ മകൻ ഹിഷാമിനെ ഇതു വരെയായും പിടികൂടാൻ സാധിച്ചിട്ടില്ല.

മുൻ മഞ്ചേശ്വരം എം എൽ എയും മുസ്ലീം ലീഗ് നേതാവും കേസിലെ മറ്റൊരു പ്രതിയുമായ എം സി കമറുദ്ദീനിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കഴിഞ്ഞ ഒമ്പതു മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

ഫാഷന്‍ ഗോള്‍ഡ് ജുവലറിയുടെ ചെയര്‍മാനായിരുന്നു കമറുദ്ദീന്‍. ജുവലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ മൂന്ന് പേരിലുമായുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത കമറുദ്ദീൻ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ്.

Advertisement
Advertisement