മാരായമംഗലം സ്കൂളിലെ കുട്ടികൾക്കുണ്ട് വീട്ടിലൊരു ലാബ്

Friday 13 August 2021 12:10 AM IST
വീട്ടിലൊരു ലാബ് പദ്ധതിയുടെ ഭാഗമായി മാരായമംഗലം സ്‌കൂളിൽ ഒരുക്കിയ ലാബ് കിറ്റുകൾ.

ചെർപ്പുളശ്ശേരി: കൊവിഡ് കാലത്ത് കുട്ടികളുടെ പഠനം വെല്ലുവിളിയാകുമ്പോൾ പ്രതിസന്ധികൾ തരണം ചെയ്യാൻ നൂതന ആശയവുമായി നെല്ലായ മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ രംഗത്ത്. പ്രായോഗിക പൊതു പരീക്ഷകൾ എളുപ്പമാക്കുകയെന്ന ലക്ഷ്യവുമായി ലാബ് @ ഹോം (വീട്ടിലൊരു ലാബ്) പദ്ധതിക്ക് തുടക്കം കുറിച്ചു. അദ്ധ്യാപകരും രക്ഷകർത്താക്കളും പൂർവ വിദ്യാർത്ഥികളും ചേർന്നാണ് പുത്തൻ പദ്ധതി ഒരുക്കുന്നത്.

സ്‌കൂൾ ലാബുകളിൽ മാത്രം ചെയ്തിരുന്ന പ്രവർത്തനങ്ങളെല്ലാം വീടുകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ. ഓരോ കുട്ടിക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന രീതിയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ ലാബുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ, രാസ പദാർത്ഥങ്ങൾ തുടങ്ങിയവ അടങ്ങിയ ഒരു കിറ്റ് ക്രമീകരിച്ച് എത്തിച്ചു നൽകും. വീടുകളിൽ ലഭ്യമാകുന്ന വസ്തുക്കൾ വച്ചും ലാബ് പ്രവർത്തനങ്ങൾ ചെയ്യാം.

ഓൺലൈൻ വിദ്യാഭ്യാസവുമായി കുട്ടികൾ വീടുകളിലൊതുങ്ങിയ കാലത്ത് പ്രായോഗിക വിദ്യാഭ്യാസം കൂടി അവിടേക്ക് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ വർഷം സ്‌കൂളിൽ സ്റ്റാഫ് പിന്തുണയോടെ സംഘടിപ്പിച്ച സ്റ്റുഡിയോയിലൂടെ വേണ്ട നിർദ്ദേശം കൈമാറാൻ കഴിയുന്നുണ്ടെന്നതും ആശ്വാസമാണ്. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെയും ഗൈഡ്‌സ് യൂണിറ്റിലെയും കുട്ടികളുടെ വലിയ സഹകരണവും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
പദ്ധതിക്കു വേണ്ട വിഭവ സമാഹരണം അദ്ധ്യാപകർ തന്നെയാണ് നടത്തിയത്. ആഗസ്റ്റ് 19 ന് രാവിലെ 11.30 ന് സ്പീക്കർ എം.ബി. രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പി. മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനാകും.

വീട്ടിലും ഒരുക്കാം ലാബ്

ഫിസിക്‌സിലെ സിംപിൾ പെൻഡുലത്തിന് പകരം ഒഴിഞ്ഞ ഐസ് ക്രീം പാത്രവും സുവോളജിയിലെ സ്റ്റാർച്ച് ലായനിക്ക് പകരം കഞ്ഞി വെള്ളവും പ്രോട്ടീൻ ലായനിക്ക് പകരം കോഴി മുട്ടയുടെ വെള്ളയും തുടങ്ങി ഓരോ ലാബിനും പെട്ടെന്ന് ലഭ്യമായ തരത്തിലുള്ള ജെം ക്ലിപ്പും സ്‌കെയിലും, ബോട്ടിലുകളും സ്പ്രിംഗുകളും ഉപയോഗിക്കാം.

Advertisement
Advertisement