700 ടൺ കടന്ന് കരുതൽ സ്വർണ ശേഖരം

Friday 13 August 2021 12:00 AM IST

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ അളവ് ആദ്യമായി 700 ടൺ കടന്നു. ജൂൺ 30ലെ കണക്കുപ്രകാരം വിദേശ നാണയ ശേഖരത്തിലുള്ളത് 705.6 ടൺ സ്വർണം. ഈ വർഷം ജനുവരി-ജൂണിൽ 29 ടൺ സ്വർണമാണ് റിസർവ് ബാങ്ക് കൂട്ടിച്ചേർത്തത്. രണ്ടുവർഷത്തിനിടെയുള്ള ഏറ്റവുമുയർന്ന അർദ്ധവാർഷിക വാങ്ങലാണിത്.

2018ന്റെ തുടക്കത്തിൽ കരുതൽ സ്വർണശേഖരം 558.1 ടൺ ആയിരുന്നു. 2009ൽ ഐ.എം.എഫിൽ നിന്ന് 200 ടൺ വാങ്ങിയ ശേഷം റിസർവ് ബാങ്ക് പിന്നീട് സ്വർണം വാങ്ങുന്നത് 2018 മാർച്ചിലാണ്; 2.2 ടൺ. അന്നുമുതൽ ഇതുവരെ റിസർവ് ബാങ്ക് വാങ്ങിയ സ്വർണം 147 ടണ്ണാണ്. രണ്ടുവർഷം മുമ്പ് വിദേശ നാണയ ശേഖരത്തിൽ അഞ്ചു ശതമാനമായിരുന്നു സ്വർണത്തിന്റെ വിഹിതം; ഇപ്പോൾ 6.5 ശതമാനമാണ്.

വിദേശ നാണയ ശേഖരത്തിന്റെ വൈവിദ്ധ്യവത്കരണം ലക്ഷ്യമിട്ടാണ് ഇപ്പോൾ റിസർവ് ബാങ്ക് സ്വർണം വൻതോതിൽ വാങ്ങുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ജനുവരി-ജൂണിൽ ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്ര ബാങ്കുകളിൽ 29 ടണ്ണുമായി നാലാംസ്ഥാനത്താണ് റിസർവ് ബാങ്ക്. 90 ടൺ വാങ്ങിയ തായ്‌ലൻഡ് കേന്ദ്രബാങ്കാണ് ഒന്നാമത്. ജൂണിൽ മാത്രം കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണം വാങ്ങി. ഇതിൽ 30 ശതമാനവും (9.2 ടൺ) വാങ്ങിയത് ഇന്ത്യയാണ്. ലോകത്ത് വിദേശ നാണയ ശേഖരത്തിൽ ഏറ്റവുമധികം സ്വർണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 10-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

വിദേശ നാണയ ശേഖരവും

പുതിയ ഉയരത്തിൽ

ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് 30ന് സമാപിച്ച വാരത്തിൽ 942.7 കോടി ഡോളറിന്റെ വർദ്ധനയുമായി സർവകാല റെക്കാഡായ 62,057.6 കോടി ഡോളറിലെത്തിയിട്ടുണ്ട്. കരുതൽ സ്വർണ ശേഖരം 76 കോടി ഡോളർ വർദ്ധിച്ച് 3,764.4 കോടി ഡോളറായി.

Advertisement
Advertisement