100 മീറ്ററിനുള്ളിൽ 5 രോഗിയെങ്കിൽ ട്രിപ്പിൾ ലോക്ക്

Thursday 12 August 2021 11:15 PM IST

തിരുവനന്തപുരം : കൊവിഡ് വ്യാപനം ഉറവിടത്തിൽ തടയാൻ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ക്രമീകരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനം. നിലവിൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി അടച്ചിടുന്നതിന് പകരം രോഗബാധിതരുള്ള പ്രദേശം മാത്രം അടച്ചിടുന്നതാണ് പുതിയ രീതി. ഇതോടെ തെരുവുകളും വ്യാപാരകേന്ദ്രങ്ങളും മുതൽ വീടുകൾ വരെ കണ്ടെയ്ൻമെന്റ് സോണാക്കാം.

100 മീറ്ററിനുള്ളിൽ ഒരു ദിവസം അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. പത്തോ അതിലധികമോ അംഗങ്ങളുള്ള കുടുംബത്തിൽ രോഗവ്യാപനമുണ്ടായാലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടിയുടെ സർക്കുലറിൽ പറയുന്നു.

തെരുവുകൾ, ഹൗസിംഗ് കോളനി, ഓഫീസുകൾ, ഷോപ്പിംഗ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, ഫ്ലാറ്റുകൾ തുടങ്ങിയവ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാം. ഒറ്റദിവസം അഞ്ച് പോസിറ്റീവ് കേസുകളുണ്ടായാലാണ് നിയന്ത്രണമേർപ്പെടുത്തുക.

അതേസമയം, ഡബ്ലു.എെ.പി.ആർ എട്ടിന് മുകളിലുള്ള വാർഡുകളിൽ ഇന്നലെ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു. 85 തദ്ദേശ സ്ഥാപനങ്ങളിലായി 566 വാർഡുകളിലെ നിയന്ത്രണം തുടരും. മലപ്പുറത്താണ് ലോക്ക്ഡൗണുള്ള വാർഡുകൾ കൂടുതൽ 171. ഇടുക്കിയിൽ എവിടെയും ലോക്ക്ഡൗണില്ല.

Advertisement
Advertisement