സജീവമായി കൈത്തറി, ഖാദി വസ്ത്ര വിപണി

Friday 13 August 2021 12:19 AM IST
ഇലന്തൂരിലെ ഖാദി വിപണിയിൽ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവർ

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധികൾക്കിടയിലും സജീവമാകുകയാണ് കൈത്തറി, ഖാദി വസ്ത്ര വിപണി. വിലയിളവുകളോടെ സർക്കാരിന്റെ കൈത്തറി, ഖാദി ഓണം മേളകളിൽ വിൽപന നടക്കുന്നുണ്ട്. റിബേറ്റും പ്രഖ്യാപിച്ചതോടെ ഓണക്കോടികൾ വാങ്ങാനുള്ള തിരക്കും വർദ്ധിച്ചു. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ഇലന്തൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് , പത്തനംതിട്ട അബാൻ ടവർ, അടൂർ റവന്യൂടവർ, റാന്നി ചെത്തോങ്കര ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിലാണ് ഓണംമേളകൾ പ്രവർത്തിക്കുന്നത്. 499, 750, 2999 എന്നീ വിലകളിൽ ഖാദികിറ്റും വിൽപനയ്ക്കായി തയാറായിട്ടുണ്ട്. ഖാദി ഡബിൾമുണ്ട്, കാവിമുണ്ടുകൾ, തോർത്ത്, ചുരിദാർ , ഷർട്ട് , മാസ്‌ക് എന്നിവയാണ് കിറ്റിലുള്ളത്. ഹാൻടെക്‌സ് കൈത്തറി വസ്ത്രാലയത്തിൽ 40 ശതമാനം വരെ ഓണം റിബേറ്റും റിഡക്ഷനും ലഭിക്കും. കേരള സർക്കാർ സ്ഥാപനമായ ഹാൻടെക്‌സ് കൈത്തറി വസ്ത്രാലയത്തിൽ ഓണക്കാല ഉത്സവത്തോടനുബന്ധിച്ച് 20 ശതമാനം മുതൽ 40 ശതമാനം വരെ റിബേറ്റും റിഡക്ഷനും നൽകുന്നുണ്ട്. ബാലരാമപുരം മുണ്ടുകൾ, പ്രീമിയം മുണ്ടുകൾ, കാവി കൈലികൾ, ചെക്ക് കൈലികൾ, കേരള കസവ് സാരികൾ, ബെഡ് ഷീറ്റുകൾ, സെറ്റ് മുണ്ടുകൾ, റോയൽ പ്രീമിയം സാരികൾ തുടങ്ങി വിപുല ശേഖരങ്ങൾ ഇവിടെയുണ്ട്. ഉണക്ക പാവിൽ നെയ്ത റോയൽ പ്രീമിയം ക്വാളിറ്റി മുണ്ടുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. 5000 രൂപയ്ക്ക് മുകളിൽ കൈത്തറി തുണികൾ വാങ്ങിയാൽ വീണ്ടും 10 ശതമാനം അധികമായി റിബേറ്റ് ലഭിക്കും. പ്രളയം മുതൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട മേഖലയാണിത്.

Advertisement
Advertisement