ധന ബില്ലുകൾ സഭ പാസാക്കി

Thursday 12 August 2021 11:33 PM IST

₹ഓരോ വർഷത്തെയും നികുതി കുടിശ്ശിക പ്രത്യേകമായി തീർപ്പാക്കാം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാറിന്റെ പുതുക്കിയ ബഡ്‌ജറ്റിലെ ധനകാര്യ നിർദ്ദേശങ്ങൾക്ക് നിയമപ്രാബല്യം ഉറപ്പാക്കുന്ന ധന ബില്ലുകൾക്ക് നിയമസഭ അംഗീകാരം നൽകി. നടപ്പു വർഷത്തെ ബഡ്‌ജറ്റ് നിർദേശങ്ങളും, പുതുക്കിയ ബജറ്റിലെ കൂട്ടിച്ചേർക്കലുമാണ് ധന നിയമങ്ങളുടെ ഭാഗമായത്.

2020ലെ നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ, പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച ക്രമീകരണങ്ങളും ധന ബില്ലിന്റെ ഭാഗമായി. 2017 ജനുവരി വരെയുള്ള നികുതി കുടിശ്ശികകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഒരു തവണയെങ്കിലും അടച്ചവർക്ക് ഈ തുക മുൻവർഷങ്ങളിലെ കുടിശ്ശികയുടെ അടവായി ക്രമീകരിക്കും . നികുതിദായകന്റെ കുടിശ്ശികയാകെ ഒന്നിച്ചെടുക്കുന്ന രീതി മാറും. ഓരോ വർഷത്തെയും കുടിശ്ശിക പ്രത്യേകമായി തീർപ്പാക്കാം. പദ്ധതിയിൽ സർചാർജിന്റെ മുഖ്യതുകയുടെ 50 ശതമാനം ഇളവെന്നത് 70 ശതമാനമാക്കും.

അടച്ചുപൂട്ടൽ കാലയളവിൽ പ്രവർത്തിക്കാതിരുന്ന ബാറുകളുടെ നികുതിയിൽ നൽകിയ തീർപ്പാക്കലുകൾക്ക് സഭ അംഗീകാരം നൽകി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട അപേക്ഷകളിലും അപ്പീലുകളിലും റിവിഷനുകളിലും കോർട്ട്ഫീസ് പരമാവധി 20,000 രൂപയായി പരിമിതപ്പെടുത്തി.

Advertisement
Advertisement