ഇടത് അദ്ധ്യാപക നേതാക്കൾക്കും കോൺ. നേതാവിന്റെ ഭാര്യയ്ക്കും എമിരറ്റസ്

Friday 13 August 2021 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച രണ്ട് ഇടത് അദ്ധ്യാപക സംഘടനാ നേതാക്കൾക്കും, സിൻഡിക്കേറ്റംഗമായിരുന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്കും യു.ജി.സി ചട്ടത്തിന് വിരുദ്ധമായി എമിരറ്റസ് പ്രൊഫസർ പദവിയോടെ നൽകിയ പുനർനിയമനം വിവാദത്തിൽ.

കഴിഞ്ഞ മാസം വിരമിച്ച ഡോ.കെ.എസ്.സീനത്ത്, ഡോ.എസ്.താജുദ്ദീൻ, ഡോ.വി.ആശ എന്നിവരെയാണ് എമിരറ്റസ് പ്രൊഫസർമാരാക്കിയത്. നിരവധി അന്തർദേശീയ ഗവേഷണങ്ങൾ നടത്തിയവരും, അദ്ധ്യാപനത്തിലും ഗവേഷണത്തിലും അന്തർദ്ദേശീയ തലത്തിൽ മികവു തെളിയിച്ചവരുമായ സീനിയർ പ്രൊഫസർമാർക്കാണ് വിദഗ്ദ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യു.ജി.സിയും കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളും ഈ പദവി നൽകുന്നത്. കേരള സർവകലാശാലയിൽ ഇതിനുള്ള ചട്ടങ്ങൾ നിലവിലില്ല. അക്കാഡമിക് മേഖലയിൽ അന്തർദേശീയ പ്രശസ്തി നേടിയ സീനിയർ പ്രൊഫസർമാരെ ഒഴിവാക്കിയാണ് വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ അദ്ധ്യാപകർക്ക് എമിരറ്റസ് പദവി നൽകിയത്.

ഗവേഷണം, അദ്ധ്യയനം തുടങ്ങിയവയിൽ അദ്ധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിന് വിരമിച്ച പ്രഗത്ഭ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കാനാണ് യു.ജി.സി എമിരറ്റസ് പദവി നൽകുന്നത്. എന്നാൽ അദ്ധ്യാപന, ഗവേഷണ രംഗങ്ങളിൽ യാതൊരു മികവും പുലർത്താത്തവരെയും, ഗവേഷണകേന്ദ്രം പോലുമല്ലാത്ത വിദൂര വിദ്യാഭ്യാസ വകുപ്പിൽ പ്രൊഫസറായിരുന്ന് വിരമിച്ചവരെയുമാണ് എമിരറ്റസ് പദവിക്ക് തിരഞ്ഞെടുത്തത്. വൈസ്ചാൻസലറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ ഗവർണർക്ക് നിവേദനം നൽകി.

Advertisement
Advertisement