മെസി മുതൽ മെസി വരെ

Friday 13 August 2021 1:32 AM IST

സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് പാരീസ് എസ്.ജിയിലേക്കുള്ള അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കൂടുമാറ്റമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ സംസാരവിഷയം. അർജന്റീനയിലെ റൊസാരിയോ നഗരപ്രാന്തത്തിൽ നിന്ന് ബാഴ്സലോണ അധികൃതർ കണ്ടെടുത്ത അസാധാരണ പ്രതിഭയെ വളർച്ചാഹോർമോണിന്റെ കുറവിന് ചികിത്സ നൽകാൻ വേണ്ടിയാണ് സ്പെയ്നിലേക്ക് കൊണ്ടുവന്നത്. അന്നുമുതൽ ബാഴ്സലോണയായിരുന്നു മെസിയുടെ മേൽവിലാസം.അതാണിപ്പോൾ പാരീസിലേക്ക് മാറിയിരിക്കുന്നത്. മെസിയുടെ ക്ളബ് ബാഴ്സലോണ കരിയറിലൂടെ ഒരു സഞ്ചാരം.

1987

ജൂൺ 24നാണ് റൊസാരിയോയിലെ സാന്റാഫേയിൽ ജോർജ് മെസിയു‌ടെ നാലുമക്കളിൽ മൂന്നാമനായി ലിയോയുടെ ജനനം. ചെറുപ്രായം മുതൽ സഹോദരങ്ങൾക്കൊപ്പം തെരുവിൽ പന്തുതട്ടിത്തുടങ്ങി.നാലാംവയസിൽ ലോക്കൽ ക്ളബ് ഗ്രാൻഡോളിൽ അംഗമായി.ആറാം വയസിൽ നെവൽസ് ഓൾഡ്ബോയ്സിൽ അംഗമായി.

2000

കാറ്റലോണിയയിലെ ബന്ധുക്കൾ വഴി ബാഴ്സയിൽ സെലക്ഷൻ ട്രയൽസിനെത്തുന്നു. വളർച്ചാഹോർമോൺ ചികിത്സയുടെ കാര്യത്തിൽ ബാഴ്സ ഒന്നുമടിച്ചെങ്കിലും മിടുക്ക് തിരിച്ചറിഞ്ഞ ടീം ഡോക്ടർ നൽകിയ ഉറപ്പിൽ ചികിത്സയും താമസവും ഏറ്റെടുക്കുന്നു. അടുത്തകൊല്ലം കുടുംബം ഒന്നാകെ ബാഴ്സലോണയിലേക്ക് താമസം മാറുന്നു.

2003

തന്റെ 16-ാം വയസിൽ ബാഴ്സലോണയുടെ സി ടീമിന്റെ കുപ്പായമണിഞ്ഞ് എഫ്.സി പോർട്ടോയ്ക്ക് എതിരെ ഒരു സൗഹൃദ മത്സരത്തിൽ മെസി ഇറങ്ങുന്നു.വിഖ്യാതകോച്ചായി മാറിയ ഹാെസെ മൗറീന്യോയായിരുന്നു അന്ന് പോർട്ടോയുടെ കോച്ച് . ജൂനിയർ തലത്തിൽത്തന്നെ മെസി ശ്രദ്ധേയനായി മാറിയിരുന്നു.

2004

ബാഴ്സലോണയുടെ ബി ടീമിലെ സ്ഥിരം താരമായി പ്രൊമോഷൻ ലഭിച്ച മെസി ആദ്യമായി സീനിയർ ടീമിന്റെ കുപ്പായമണിയുന്നു.17-ാം വയസിൽ ക്ളബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും സ്വന്തമാക്കിയായിരുന്നു എസ്പാന്യോളിനെതിരെ മെസിയുടെ അരങ്ങേറ്റം.ഷാക്തർ ഡോണെസ്കിനെതിരെ ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിച്ചു.

2005

തന്റെ 18-ാം ജന്മദിനത്തിലാണ് ബാഴ്സലോണ സീനിയർ ടീമുമായി മെസി തന്റെ ആദ്യ കരാർ ഒപ്പിടുന്നത്.അഞ്ചുവർഷത്തേക്കായിരുന്നു കരാർ. ഇതോടെ സീനിയർ തലത്തിലെ സ്ഥിരം കളിക്കാരനായി. ബ്രസീലുകാരനായ റൊണാൾഡീഞ്ഞോ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പമാണ് ആ സമയത്ത് മെസി പന്തുതട്ടിയിരുന്നത്.

2006

ഈ വർഷം ബാഴ്സയെ സംബന്ധിച്ചിടത്തോളം മോശം സമയമായിരുന്നുവെങ്കിലും മെസി എന്ന പ്രതിഭയെ ലോകം തിരിച്ചറിഞ്ഞ കാലമായിരുന്നു.സീസണിൽ 17 ഗോളുകളാണ് മെസി നേടിയത്. 19-ാം വയസിൽത്തന്നെ മെസി ഒരു സൂപ്പർ താരമായി മാറി. എൽ ക്ളാസിക്കോയിൽ ക്ളബ് കരിയറിലെ ആദ്യ ഹാട്രിക്കും നേടി.

2007

മികച്ച പ്രകടനം തുടർന്നതോടെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള വോട്ടിംഗിൽ മൂന്നാം സ്ഥാനത്തും ഫിഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരത്തിനുള്ള വോട്ടിംഗിൽ മൂന്നാം സ്ഥാനത്തും വന്നു. ഇതോടെ സ്പാനിഷ് മാദ്ധ്യമങ്ങൾ "മെസിഹ" എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.പരിക്കുകൾ അലട്ടിയ സീസണിൽ 16 ഗോളുകളാണ് മെസി നേടിയത്.

2008

റൊണാൾഡീഞ്ഞോ ബാഴ്സ വിട്ടതോടെ പത്താം നമ്പർ കുപ്പായത്തിന്റെ അവകാശിയായി. കോച്ചായി പെപ് ഗ്വാർഡിയോള എത്തിയതോടെ മെസിയെ കേന്ദ്രീകരിച്ചുള്ള കേളീതന്ത്രത്തിലേക്ക് ക്ളബ് മാറി. ക്ളബിലെ ഏറ്റവും ശമ്പളമുള്ള കളിക്കാരനായി പുതിയ കരാർ ലഭിച്ചു.പരിക്കുകൾ അലട്ടാതിരിക്കാനായി ക്ളബ് പ്രത്യേക പരിശീലന പദ്ധതികൾ മെസിക്കായി നടപ്പിലാക്കി.

2009

മിന്നുന്ന ഫോമിൽ ഗോളടിച്ച് മുന്നേറിയ മെസിയുടെ മികവിൽ ബാഴ്സലോണ സ്പാനിഷ് ലാ ലിഗ,യുവേഫ ചാമ്പ്യൻസ് ലീഗ്,കിംഗ്സ് കപ്പ് കിരീടങ്ങൾ നേടി.സ്പാനിഷ് സൂപ്പർ കപ്പും യുവേഫ സൂപ്പർ കപ്പും ക്ളബ് ലോകകപ്പും ഉൾപ്പടെ ആറ് കിരീടങ്ങളാണ് മെസിയും സംഘവും ആ സീസണിൽ ബാഴ്സയുടെ അലമാരയിലെത്തിച്ചത്. ബാലൺ ഡി ഓർ,ഫിഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരങ്ങൾ മെസിയെത്തേടി ആദ്യമായെത്തി.

2010

ലോകകപ്പിൽ കോച്ച് മറഡോണയുമായി ഒത്തുചേർന്നിട്ടും അർജന്റീനയെ ക്വാർട്ടറിനപ്പുറം കടത്താനാവാത്തതിന്റെ സങ്കടത്തിലായിരുന്നു മെസി. എന്നാൽ ക്ളബ് കരിയറിൽ ഗോളടിയും കിരീടനേട്ടങ്ങളും തുടർന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ തുടർച്ചയായ രണ്ടാം വർഷവും ബാൾ ഓൺ ഡി ഓർ പുരസ്കാരം മെസിയെത്തേടിയെത്തി.

2011

മെസിയുടെ അദ്ഭുതകരമായ ഗോളടി മികവ് കണ്ട മറ്റൊരു വർഷം. ബാഴ്സയ്ക്ക് വേണ്ടി 47 മത്സരങ്ങളിൽ നിന്ന് 43 ഗോളുകളും 21 അസിസ്റ്റുകളും. തുടർച്ചയായ മൂന്നാം വർഷവും ബാൾ ഓൺ ഡി ഓർ പുരസ്കാരം തേടിയെത്തിയതിൽ അതിശയമുണ്ടായിരുന്നില്ല. ക്ളബ് ലോകകപ്പിലെ ഗോൾഡൻ ബാൾ പുരസ്കാരവും പ്രഥമ യൂറോപ്യൻ ബെസ്റ്റ് പ്ളേയർ അവാർഡും മെസിക്കായിരുന്നു.

2012

ഗോളടിയിൽ നിരവധി റെക്കാഡുകൾ തിരുത്തിക്കുറിച്ച വർഷം.സെസാർ റോഡ്രിഗസിനെ(232) മറികടന്ന് ബാഴ്സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. ലാലിഗയിൽ മാത്രം 50 ഗോളുകളും എല്ലാ മത്സരങ്ങളിൽ നിന്നുമായി 73 ഗോളുകളും നേടി ഗെർഡ് മുള്ളറുടെ റെക്കാഡ് മറികടന്നു.തുടർച്ചയായ നാലാം വർഷവും ബാൾ ഓൺ ഡി ഓർ അവാർഡ്.

2013

ബാഴസലോണയുടെ ക്യാപ്ടനായി അരങ്ങേറ്റം. എന്നാൽ പരിക്കുകൾ വീണ്ടും വേട്ടയാടാൻ തുടങ്ങിയത് തിരിച്ചടിയായി. അതുകൊണ്ടുതന്നെ ബാൾ ഓൺ ഡി ഓർ പുരസകാരരത്തിൽ മെസിയെ മറിക‌ടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മുത്തമിട്ടു.എങ്കിലും സ്പെയ്നിലെയും യൂറോപ്പിലെയും ടോപ് സ്കോററർ മെസി ആയിരുന്നു.

2014

സ്പാനിഷ് ലാ ലിഗയിലെ ആൾടൈം ലീഡിംഗ് സ്കോററായി മെസി മാറിയ വർഷം.251 ഗോളുകൾ നേടിയ ടെൽമോ സാറയുടെ 59 വർഷം പഴക്കമുണ്ടായിരുന്ന റെക്കാഡാണ് മെസി തിരുത്തിയെഴുതിയത്.ഹാട്രിക്കിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്.

2015

മെസിയു‌ടെ മാസ്മരികത കണ്ട മറ്റൊരു വർഷം.48 ഗോളുകളാണ് വർഷത്തിൽ ആകെ നേടിയത്. സ്പാനിഷ് ലാ ലിഗ, സ്പാനിഷ് കിംഗ്സ് കപ്പ്, യുവേഫ സൂപ്പർ കപ്പ്,ചാമ്പ്യൻസ് ലീഗ് ,ക്ളബ് ലോകകപ്പ് എന്നീ അഞ്ചു കിരീടങ്ങളും ബാഴ്സ സ്വന്തമാക്കിയപ്പോൾ ബാൾ ഓൺ ഡി ഓർ പുരസ്കാരം വീണ്ടും ബാഴ്സയെത്തേടിയെത്തി.

2016

51 ഗോളുകളുമായി യൂറോപ്യൻ ടോപ് സ്കോററായത് മെസിയാണെങ്കിലും യൂറോ കപ്പ് നേടിയ ക്രിസ്റ്റ്യാനോയ്ക്ക് ബാൾ ഓൺ ഡി ഓർ പുരസ്കാരം കൈമാറേണ്ടിവന്നു. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.സ്പാനിഷ് ലീഗിൽ 300 ഗോളുകൾ തികച്ചു.

2017

കരിയറിൽ 500 മത്സരങ്ങൾ തികച്ച വർഷം. റയൽ മാഡ്രിഡിനെതിരായ എൽ ക്ളാസിക്കോ ആയിരുന്നു മെസിയുടെ 500-ാം മത്സരം. റയലിന്റെ തട്ടകത്തിൽചെന്ന് ഗോളടിച്ചശേഷം അവരുടെ ആരാധകർക്ക് മിന്നിൽ ജഴ്സിയൂരി അതുയർത്തിപ്പിടിച്ച് നിന്ന് മെസിയുടെ ആരാധകർക്ക് ആവേശം പകർന്നകാഴ്ചയായിരുന്നു.

2018

ഈ വർഷവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ മെസി ആയിരുന്നു. എന്നാൽ 2009ന് ശേഷം ആദ്യമായി ബാൾ ഓൺ ഡി ഓറിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മെസി ഇല്ലാതെ പോയി. ലോകകപ്പിൽ മികവ് കാട്ടിയ ലൂക്കാമൊഡ്രിച്ചാണ് മെസിയെയും ക്രിസ്റ്റ്യാനോയെയും മറികടന്ന് പുരസ്കാരം നേടിയത്. ഇനിയെസ്റ്റയ്ക്ക് പകരം ക്യാപ്‌നായതും ഈ വർഷമാണ്.

2019

മെസിയുടെയും ബാഴ്സയുടെയും തിരിച്ചുവരവ് കണ്ട വർഷം. മെസി മുത്തമിട്ടത് തന്റെ പത്താം ലാ ലിഗ കിരീ‌ടത്തിൽ . സ്പെയ്നിലെയും യൂറോപ്പിലെയും ടോപ് ഗോൾ സ്കോററായി.ആറാം വട്ടവും ബാൾ ഓൺ ഡി ഓർ പുരസ്കാരം നേടി റെക്കാഡിട്ടു.

2020

കരിയറിൽ 700 ഗോളുകൾ തികച്ചവർഷം. കൊവിഡിൽ കുടുങ്ങിയ വർഷത്തിൽ മെസിയുടെ കഷ്ടകാലവും തുടങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിൽ നിന്ന് 2-8ന്റെ വലിയ തോൽവി ഏറ്റുവാങ്ങിയത് ഷോക്കായി.ക്ളബ് വിടാൻ വാശി പി‌ടിച്ചെങ്കിലും വൻ തുക നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് വന്നതോടെ മനസില്ളാമനസോടെ തുടർന്നു.

2021

ജൂണിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ചു. പുതിയ പ്രസിഡന്റ് കരാർ പുതുക്കാൻ ശ്രമിച്ചെങ്കിലും ലാ ലിഗ ചട്ടങ്ങൾ തിരിച്ചടിയായി.പാതിശമ്പളത്തിനാണെങ്കിലും ക്ളബിൽ തുടരാൻ സമ്മതമറിയിച്ചിരുന്ന മെസിക്ക് ഇതോടെ ക്ളബിനോട് വിടപറയേണ്ടിവന്നു. ക്ളബ് വിടുന്ന കാര്യം പ്രഖ്യാപിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ മെസി പൊട്ടിക്കരഞ്ഞത് ആരാധകർക്കും സങ്കടമായി.

2021

21 കൊല്ലത്തിന് ശേഷം മെസി ആദ്യമായി മറ്റൊരു ക്ളബിന്റെ കുപ്പായമണിഞ്ഞു.ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലേക്കാണ് മെസി ചേക്കേറിയത്. കഴിഞ്ഞ ദിവസം പാരീസിലെത്തിയ മെസി രണ്ടുവർഷത്തെ കരാറിൽ ഒപ്പിട്ടു.വേണമെങ്കിൽ ഒരു വർഷത്തേക്കുകൂടി നീട്ടാം. നെയ്മർ,ഏയ്ഞ്ചൽ ഡി മരിയ , കിലിയൻ എംബാപ്പെ,സെർജിയോ റാമോസ് എന്നിവർക്കൊപ്പമാണ് മെസി പി.എസ്.ജിയിൽ കളിക്കുന്നത്.

778

മത്സരങ്ങളിലാണ് മെസി ബാഴ്സലോണയ്ക്ക് വേണ്ടികളിക്കാൻ ഇറങ്ങിയിട്ടുള്ളത്. ബാഴ്സയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. രണ്ടാം സ്ഥാനത്തുള്ള ഷാവി 767 മത്സരങ്ങളിലാണ് കളിച്ചത്. 671 ഗോളുകളാണ് നേടിയത്. 266 അസിസ്റ്റുകൾ. ആകെ 938 ഗോളുകളിൽ നേരിട്ടുള്ള പങ്കാളിത്തം. 542 മത്സരങ്ങളിലാണ് മെസി ബാഴ്സയ്ക്കൊപ്പം വിജയം കണ്ടത്.

474

ഗോളുകളാണ് മെസി ലാ ലിഗയിൽ നേടിയത്. 120 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ.കിംഗ്സ് കപ്പിൽ 56ഉം സ്പാനിഷ് സൂപ്പർ കപ്പിൽ 14ഉം ഗോളുകൾ.യൂറോപ്യൻ സൂപ്പർ കപ്പിൽ മൂന്നും ക്ളബ് ലോകകപ്പിൽ അഞ്ചും ഗോളുകൾ.

671

ഒരു ക്ളബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന പെലെയുടെ റെക്കാഡ് തകർത്തത് മെസിയാണ്.പെലെ സാന്റോസിനായി നേടിയതിനേക്കാൾ 28 ഗോളുകൾ കൂടുതൽ മെസി ബാഴ്സലോണയ്ക്കായി നേടി.

6

തവണ ബാൾ ഓൺ ഡി ഓർ പുരസ്കാരം നേടിയ ഏക കളിക്കാരൻ. ബാൾ ഓൺ ഡി ഓർ,ഫിഫ വേൾഡ് പ്ളേയർ,പിചിചി അവാർഡ്(ലാ ലിഗ ടോപ്‌ സ്കോറർ),ഗോൾഡൻ ബൂട്ട്(യൂറോപ്യൻ ടോപ്സ്കോറർ) എന്നിവയെല്ലാം ഒരേ വർഷം നേടിയ താരം.

35

ബാഴ്സലോണ കുപ്പായത്തിൽ മെസി നേടിയ കിരീടങ്ങളുടെ എണ്ണം.10 ലാ ലിഗ കിരീടങ്ങൾ,ഏഴ് കിംഗ്സ് കപ്പ് ,നാല് ചാമ്പ്യൻസ് ലീഗുകൾ,മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ്,എട്ട് സ്പാനിഷ് സൂപ്പർ കപ്പുകൾ,മൂന്ന് ക്ളബ് ലോകകപ്പുകൾ എന്നിവയിൽ മെസി മുത്തമിട്ടു.

50

2011-12 സീസണിൽ 38 മത്സരങ്ങളിൽ നിന്ന് മെസി ലാ ലിഗയിൽ നേടിയ ഗോളുകളുടെ എണ്ണം.ലാ ലിഗയിലെ ഒരു സീസണിലെ ഗോളുകളുടെ എണ്ണത്തിൽ റെക്കാഡാണിത്. ഇതേസീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി നേടിയ 73 ഗോളുകളും റെക്കാഡാണ്.

41

ഹാട്രിക്കുകളാണ് മെസി ആകെ നേടിയിരിക്കുന്നത്. ആറ് തവണ ഒരുമത്സരത്തിൽ നാലുഗോളുകൾ വീതം നേടി. ഒരു മത്സരത്തിൽ അഞ്ചുഗോളടിച്ചു.

21

2012-13 സീസണിൽ തുടർച്ചയായ 21 മത്സരങ്ങളിലാണ് മെസി സ്കോർ ചെയ്തത്.

26

ഗോളുകളാണ് എൽ ക്ളാസിക്കോകളിൽ നിന്ന് നേടിയത്.

91

2012ൽ ക്ളബിനും രാജ്യത്തിനും വേണ്ടി എല്ലാ മത്സരങ്ങളിൽ നിന്നുമായി മെസി നേടിയ ഗോളുകൾ.

Advertisement
Advertisement