ഉപ്പേരിക്ക് പൊള്ളും വില

Saturday 14 August 2021 12:43 AM IST

കോലഞ്ചേരി: ഓണത്തിന് ഉപ്പേരിയിലും മലയാളിയുടെ കൈ പൊള്ളും.കായ വില കൂടിയതോടെ ഉപ്പേരി വിലയ്ക്കും തീ പിടിച്ചു. എന്തെല്ലാം ഒഴിവാക്കിയാലും ഓണത്തിന് ഉപ്പേരി വിട്ടൊരു കളിയില്ല മലയാളിക്ക്. എന്നാൽ ഒ​റ്റയാഴ്ച കൊണ്ട് ഉപ്പേരി വില ഉയർന്നത് 100 -150 രൂപയാണ്. കഴിഞ്ഞയാഴ്ച വരെ ഉപ്പേരിയും ശർക്കര വരട്ടിയും 250 നും നുറുക്ക് 275 നുമായിരുന്നു വില. ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കായ വില ഒ​റ്റയടിക്ക് 20 രൂപ വരെ കൂടിയതോടെയാണ് വില മാ​റ്റം. നാടൻ കായ കിട്ടാനില്ല, മാത്രമല്ല വരവു കായയും കൃത്യമായി എത്തുന്നില്ല. കൂടാതെ വഴിയോര കച്ചവടങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ മാർക്ക​റ്റുകളിലും ഏത്തക്കായയ്ക്ക് ക്ഷാമമാണ്. ഇതും വിലക്കയ​റ്റത്തിന് കാരണമായി. കൊവിഡ് വരുത്തിയ മാന്ദ്യത്തിൽ നിന്ന് വിപണി കരകയറി വരുകയാണിപ്പോൾ. സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസ് കിട്ടുന്നതോടെ ഈ ആഴ്ച വിപണിയിൽ വലിയ മുന്നേ​റ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമിച്ച് വില്പനയുണ്ട്. മുൻകാലങ്ങളെ പോലെ തമിഴ്‌നാട്ടിൽനിന്ന് ഏത്തക്കായ എത്തുന്നില്ല. ഓണത്തിന് പാകമാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ നാട്ടിലെ കർഷകർക്ക് കനത്ത മഴ തിരിച്ചടിയായി. ഓണക്കുലകൾ ഒടിഞ്ഞതു കൂടാതെ വാഴത്തോട്ടം വെള്ളത്തിൽ മുങ്ങിയതോടെ കൃഷിയും നശിച്ചു. ഇതെല്ലാം ഉപ്പേരി വിലക്കയ​റ്റത്തെ ബാധിച്ചിട്ടുണ്ട്.

കായ വറുത്തത് 350

ശർക്കര വരട്ടി 400

നുറുക്ക് ഉപ്പേരി 375

Advertisement
Advertisement