ആര്യങ്കാവിൽ രേഖകളില്ലാതെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന എട്ട് ടൺ റേഷനരി പിടികൂടി

Saturday 14 August 2021 12:02 AM IST

പുനലൂർ: ആര്യങ്കാവിലെ രഹസ്യ ഗോഡൗണിൽ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന എട്ട് ടൺ തമിഴ്നാട് റേഷനരി പൊലീസും സിവിൽ സപ്ലൈസ് അധികൃതരും ചേർന്ന് പിടികൂടി. ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തെ തോമസിന്റെ ഗോഡൗണിൽ നിന്നാണ് 150 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന അരി പിടികൂടിയത്. ഇന്നലെ രാവിലെ ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന നടത്തുന്നതിനിടെ ചില്ലറ മാറാനെത്തിയ തോമസിൽ നിന്ന് 50,000രൂപ വിജിലൻസ് സംഘം പിടികൂടിയിരുന്നു. ചില്ലറ മാറുന്ന പണം ചെറുകിട അരിക്കച്ചവടക്കാർക്ക് നൽകാനാണെന്ന നിഗമനത്തെ തുടർന്നാണ് വിജിലൻസ് സംഘം കൂടുതൽ പരിശോധനകൾക്കായി സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് തമിഴ്നാട് റേഷൻ അരിയെന്ന് സംശയിക്കുന്ന എട്ട് ടൺ അരി പിടിച്ചെടുത്തത്. റേഷനിംഗ് ഇൻസ്പെക്ടർമാരായ പ്രജിദ ഹസൻ, അജികുമാർ, ആര്യങ്കാവ് വില്ലേജ് ഓഫീസർ കെ. സന്തോഷ് കുമാർ, കെ.ബി. അരുൺ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Advertisement
Advertisement