തിരഞ്ഞെടുപ്പ് ഹർജികളിൽ കാപ്പനും രാജയ്ക്കും നോട്ടീസ്

Saturday 14 August 2021 12:06 AM IST

കൊച്ചി: പാലായിൽ മാണി സി.കാപ്പനും ദേവികുളത്ത് എ.രാജയ്യ്ക്കും എതിരെയുള്ള തിരഞ്ഞെടുപ്പ് ഹർജികളിൽ ഇരുവർക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ച കാപ്പൻ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബാദ്ധ്യതാവിവരങ്ങൾ മറച്ചുവച്ചെന്നും മതത്തിന്റെ പേരിൽ വോട്ടുപിടിച്ചെന്നുമാണ് ആരോപണം.

കാപ്പനെതിരെ അഭിഭാഷകൻ സണ്ണി ജോസഫാണ് ഹർജി നൽകിയത്. ഭാര്യയുടെ പേരിൽ 18 കോടിയിലറേ രൂപയുടെ ബാദ്ധ്യതയുള്ളത് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും പാലാ ബിഷപ്പിന്റെയും മതത്തിന്റെയും പേരുപറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ വോട്ടുതേടിയെന്നും പറയുന്നു. എതിർ സ്ഥാനാർത്ഥി ജോസ് കെ. മാണിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാല വോയ്സ് എന്ന പേരിൽ പത്രം അച്ചടിച്ചിറക്കിയെന്നും ആരോപിക്കുന്നു.

ദേവികുളത്ത് എ.രാജയ്ക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഡി.കുമാറാണ് ഹർജി നൽകിയത്. പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ ഇൗ വിഭാഗത്തിൽ പെടുന്നയാളല്ലെന്നാണ് ആരോപണം. എം.എൽ.എയും കുടുംബവും ക്രൈസ്തവസഭാംഗങ്ങളാണ്. പട്ടികജാതിക്കാരനാണെന്ന വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മത്സരിച്ചതെന്നും പറയുന്നു.

Advertisement
Advertisement