'ഞങ്ങൾക്ക് സന്തോഷം, അഭിമാനം"

Saturday 14 August 2021 12:18 AM IST

കൊച്ചി: രാജ്യം ആഭ്യന്തരമായി നിർമ്മിച്ച ആദ്യവിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ ചട്ടക്കൂട് നിർമാണം മുതൽ മെക്കാനിക്കൽ ജോലികളിൽവരെ ഭാഗമായത് 25 വനിതകൾ. കടലിലെ കന്നിയോട്ടത്തിൽ പങ്കാളിയായത് ഇതിൽ ആറുപേർ. നാവികസേനയുടെയും കപ്പൽശാലയുടെയും എൻജിനിയർമാരായ ഇവർ വിദേശരാജ്യങ്ങൾപോലും ഉറ്റുനോക്കുന്ന പദ്ധതിയുടെ ഭാഗമായതിന്റെ അഭിമാനത്തിലാണ്.

നാവികസേന എൻജിനിയറിംഗ് വിഭാഗത്തിലെ ലഫ്റ്റനന്റ് കമാൻഡർമാരായ ജാനറ്റ് മരിയ ഫിലിപ്പ്, ദർശിത ബാബു, കപ്പൽശാല പ്രോജക്ട് ഓഫീസർമാരായ രേവതി.എ, സ്‌മൃതി.പി, ടെക്നിക്കൽ അസിസ്റ്റന്റ് ഇ.എസ്. അഞ്ജു, പ്രോജക്ട് അസിസ്റ്റന്റ് രോഹിണി ചന്ദ്രൻ എന്നിവരാണ് കപ്പലിന്റെ അഞ്ചുദിവസത്തെ കടലിലെ പരീക്ഷണയോട്ടത്തിൽ പങ്കെടുത്തത്. കപ്പൽ നിർമ്മാണത്തിന്റെ തുടക്കം മുതൽ ഇവർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും യോജിച്ച പ്രവർത്തനമാണ് നടത്തിയതെന്ന് തലശേരി സ്വദേശിനി ജാനറ്റ് മരിയ ഫിലിപ്പ് പറഞ്ഞു. ഇത്രയും വലിയൊരു ദൗത്യത്തിന്റെ ഭാഗമായത് ജീവിതത്തിലെ വലിയ സന്തോഷവും അഭിമാനവുമാണ്.

'ചരിത്രപദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും പിന്തുണയും പ്രോത്സാഹനവും ഞങ്ങൾക്ക് ലഭിച്ചു".

- രേവതി എ., പത്തനംതിട്ട

Advertisement
Advertisement