കുന്ദമംഗലത്ത് ജി.ഐ സബ് സ്റ്റേഷനായി, ഇനി മുടങ്ങാതെ വൈദ്യതി

Saturday 14 August 2021 12:00 AM IST

 മലബാറിൽ ആദ്യത്തേത്

 ഉദ്ഘാടനം തിങ്കളാഴ്ച

കുന്ദമംഗലം: പൂർണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളോടെയുള്ള 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ കുന്ദമംഗലത്ത് പ്രവർത്തനസജ്ജമായി. മലബാറിൽ ഈ ശ്രേണിയിൽ ആദ്യത്തേതാണിത്. പലപ്പോഴായി വൈദ്യുതി മുടങ്ങുന്ന പതിവിന് പുതിയ സംവിധാനത്തോടെ അറുതിയാവും. 90 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച സബ് സ്റ്റേഷന്റെ ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് 2ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.

പരമ്പരാഗത സബ് സ്റ്റേഷനെ അപേക്ഷിച്ച് വളരെ കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്നതാണ് ജി.ഐ സബ് സ്റ്റേഷന്റെ പ്രധാന സവിശേഷത. ഐ.ഐ.എം, എൻ.ഐ.ടി കാലിക്കറ്റ്, സി.ഡബ്ല്യു.ആർ.ഡി.എം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ച്, മിൽമ തുടങ്ങി നിരവധി കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം ഏറെ അനുഗ്രഹമാവും പുതിയ സംവിധാനത്തിന്റെ സാന്നിദ്ധ്യം. ഈ മേഖലയിൽ നിലവിലുള്ള 110 കെ.വി സബ് സ്റ്റേഷൻ അപര്യാപ്തമാണെന്നും ശേഷി കൂടിയ, ആധുനിക സംവിധാനങ്ങളോടെയുള്ള സബ് സ്റ്റേഷൻ വേണമെന്ന ആലോചനയിൽ നിന്നാണ് ജി.ഐ.എസ് യാഥാർത്ഥ്യമായത്.

നല്ലളം 220 കെ.വി സബ് സ്റ്റേഷൻ വഴി അരീക്കോട് നിന്ന് ലഭിക്കുന്ന വൈദ്യുതിയും കക്കയത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുമായിരുന്നു ഇതുവരെ ഈ ഭാഗങ്ങളിലെ ആവശ്യകത നിറവേറ്റിയിരുന്നത്. പുതിയ സംവിധാനത്തിന്റെ ഭാഗമായി 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്.

കുന്ദമംഗലത്ത് മുക്കം റോഡിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള 110 കെ.വി സബ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് ജി.ഐ സബ് സ്റ്റേഷൻ. നിലവിൽ 7. 66 കിലോമീറ്റർ 110 കെ.വി ഡബിൾ സർക്യൂട്ടുള്ള റൂട്ടിലൂടെ ഇപ്പോഴത്തെ പ്രസരണ ടവറുകൾ മാറ്റി 220 / 110 കെ.വി മൾട്ടി സർക്യൂട്ട് - മൾട്ടി വോൾട്ടേജ് ടവറുകൾ സ്ഥാപിച്ച് അതിൽ 220 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ സജ്ജീകരിച്ചാണ് ഈ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

കുന്ദമംഗലം നിയോജകമണ്ഡലത്തിന്റെ പരിധിയിലെന്ന പോലെ കോഴിക്കോട് നഗരത്തിലും ഇനി വൈദ്യുതി തടസ്സപ്പെടാതെ ലഭ്യമാക്കാൻ കഴിയും. മലയോരമേഖലയിലെ ചെറുകിട ജലവൈദ്യുതി നിലയങ്ങളിൽ ഉദ്പാദിപ്പിക്കുന്നത് പരാമാവധി പ്രയോജനപ്പെടുത്തുന്നതിനും സഹായകമാവും.

തിങ്കളാഴ്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അഡ്വ.പിടിഎ റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബി.അശോക്, ചീഫ് എൻജിനിയർ (ട്രാൻസ്ഗ്രിഡ് ) വി.രാധാകൃഷ്ണൻ എന്നിവർ സംബന്ധിക്കും.

Advertisement
Advertisement