മൊബൈൽ പൗച്ചിൽ 102 ആപ്പുകൾ; അശ്വതി കുറിച്ചത് 2 റെക്കോർഡ് !

Saturday 14 August 2021 12:59 AM IST
അശ്വതി

കോഴിക്കോട്: മൊബൈൽ ഫോണിന്റെ പൗച്ചിൽ ക്ലേആർട്ടിലൂടെ 102 ആപ്പുകളുടെ ലോഗോ തീർത്ത് ചെയ്ത് അശ്വതി കരിപ്പാൽ സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡും!

എട്ട് മണിക്കൂറിന്റെ ശ്രമത്തിൽ നിന്നാണ് കോട്ടൂളി സ്വദേശിയായ ഈ കലാകാരിയുടെ മിന്നുംനേട്ടം.

അങ്കണവാടി അദ്ധ്യാപികയായ അമ്മ പ്രീതയിൽ നിന്നാണ് കരകൗശല നിർമ്മാണത്തിലും പെയ്ന്റിംഗിലും അശ്വതിയ്ക്ക് കമ്പം കയറിയത്. നാലാം ക്ലാസ് മുതൽ സ്‌കൂൾതല പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. ടിക്ടോക്കിലൂടെ ബോട്ടിൽ ആർട്ട് കണ്ടതോടെ പിന്നെ അതിലായി ശ്രദ്ധ. യൂട്യൂബ് നോക്കി പഠിച്ച് ബോട്ടിലിലും കാൻവാസിലും ക്ലേ ആർട്ട് ചെയ്തു നോക്കാൻ തുടങ്ങി. തീർത്ത മോഡലുകൾ വാട്സ് ആപ്പിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ ആവശ്യക്കാരേറി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഒരു പേജുണ്ട് 23 കാരിയായ അശ്വതിയ്ക്ക്. അതിലൂടെയും വില്പന നടക്കുന്നു.

കെ.എം.സി.ടി പോളിടെക്‌നിക്ക് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ കഴിഞ്ഞതാണ് അശ്വതി. പേപ്പർ ആർട്ട്, സ്റ്റെൻസിൽ ആർട്ട്, നൈഫ് പെയ്‌ന്റിംഗ് തുടങ്ങിയവയും ചെയ്യുന്നുണ്ട്.

റെക്കോർഡ് നേട്ടം കൈവരിച്ച വിവരം അറിയിച്ചുള്ള ഇ മെയിൽ വന്നതേയുള്ളൂ. സർട്ടിഫിക്കറ്റ് കൈയിലെത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ഈ മിടുക്കി.

Advertisement
Advertisement