കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ, നെഞ്ചുവിരിച്ച് നിൽക്കാം! പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ പുതിയ ട്രെൻഡ്

Saturday 14 August 2021 1:09 AM IST

മലപ്പുറം: കടകളിലും മറ്റും ചെല്ലുമ്പോൾ കൊവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്നുകൊടുത്താൽ മതി,​ ധരിച്ചിരിക്കുന്ന ടീ ഷർട്ട് അതിന് ഉത്തരം നൽകും! വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത ടീ ഷർട്ടാണ് പുതിയ ട്രെൻഡ്. മലപ്പുറം കോട്ടപ്പടിയിലെ ഇംപീരിയൽ പ്രസിന്റേതാണ് കണ്ടുപിടിത്തം. വായിക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ,​ ചെറിയൊരു പ്രശ്നമുണ്ട്. ക്യൂ ആർ കോഡ‌് പെട്ടെന്ന് സ്‌കാൻ ചെയ്യാനാവില്ല. അതിനാൽ ആധാർ കാർഡ് കൈയിൽ കരുതേണ്ടി വരും. വെള്ള,​ മര്റ് ഇളംകളർ ടീ ഷർട്ടുകളിലാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകുന്നത്. 250 രൂപയാണ് വില. സോഷ്യൽ മീഡിയയിൽ വൈറലായതോടെ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലധികം ഓർഡറാണ് ഇംപീരിയൽ പ്രസിന് ലഭിച്ചത്. സ്മാർട്ട് കാർഡിന്റെ രൂപത്തിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇവിടെ പ്രിന്റ് ചെയ്ത് നൽകുന്നുണ്ട്. ഇത് വാങ്ങാനെത്തിയ ഒരാൾ ടീ ഷർട്ടിൽ കൂടി പ്രിന്റ് ചെയ്ത് നൽകാമോ എന്ന് ചോദിച്ചതിൽനിന്നാണ് ഇതിന്റെ പിറവി. നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജില്ലാ ആരോഗ്യവകുപ്പിന്റെ അനുമതി തേടി. വാക്‌സിനേഷൻ പ്രചാരണത്തിന് കൂടി സഹായകമാവുമെന്നതിനാൽ പൂർണ പിന്തുണ കിട്ടി. ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറി ഡ്രൈവർമാരാണ് ആദ്യം ടീ ഷർട്ട് കൂടുതലായി ആവശ്യപ്പെട്ടത്. ഇപ്പോൾ കടകളിലെ ജീവനക്കാർക്കും മറ്റുമായി കൂടുതൽ ഓർഡറുകളെത്തുന്നുണ്ട്. യുവാക്കൾക്കിടയിലും ഹിറ്റായി. കൊറിയറിൽ കിട്ടും വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പി.ഡി.എഫ് രൂപവും ടീ ഷർട്ടിന്റെ അളവും വാട്സ് ആപ്പിൽ അയച്ച് ഗൂഗിൾ പേ വഴി പണമടച്ചാൽ കൊറിയറിൽ അയച്ചുനൽകും. വിപണി സാദ്ധ്യതയ്‌ക്കൊപ്പം വാക്സിനേഷൻ പ്രചാരണവും ഇതിന്റെ ലക്ഷ്യമാണെന്ന് ഇംപീരിയൽ പ്രസിന്റെ ഉടമകളിലൊരാളായ യു.ഫൈസൽ പറയുന്നു.

Advertisement
Advertisement