ചാരക്കേസിലെ ഗൂഢാലോചന: വിദേശശക്തിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് ഹൈക്കോടതി

Saturday 14 August 2021 2:13 AM IST

നാലു പ്രതികൾക്ക് മുൻകൂർ ജാമ്യം

കൊച്ചി: ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്കെതിരെ ചാരവൃത്തിക്ക് കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിയിൽ വിദേശശക്തിക്ക് പങ്കുണ്ടെന്നതിന് സൂചനയോ തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചാരക്കേസിൽ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് അന്വേഷണം അവസാനിപ്പിച്ചത്. വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കാൽനൂറ്റാണ്ടു മുമ്പുള്ള കേസിന്റെ പേരിൽ വയസുകാലത്ത് ചോദ്യംചെയ്യലിനായി തടവിലിടേണ്ടതില്ലെന്നും ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ നാല് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ അനുവദിച്ചാണ് സിംഗിൾബെഞ്ച് ഇതു പറഞ്ഞത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടറും ഗുജറാത്ത് മുൻ ഡി.ജി.പിയുമായ ഏഴാംപ്രതി ആർ.ബി ശ്രീകുമാർ, പതിനൊന്നാം പ്രതിയായ മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പി.എസ്. ശ്രീകുമാർ എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർക്കെതിരെ കേസെടുത്ത സംഭവത്തിനുപിന്നിൽ പാക് ചാരസംഘടനയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി സി.ബി.ഐ വാദിച്ചിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് തടസപ്പെടുത്താനാണ് പ്രതികൾ കേസെടുത്തതെന്നും ആരോപിച്ചിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർ ദേശീയതാത്പര്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്നു പറയാനാവില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. മാലി വനിതകൾ വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങിയതിനെത്തുടർന്നാണ് സംശയം തോന്നി ഇവർക്കെതിരെ കേസെടുത്തത്. ആദ്യഘട്ടത്തിലെ അന്വേഷണത്തിന് അടിസ്ഥാനമില്ലെന്ന് പറയാനാവില്ല. സംശയകരമായ സാഹചര്യങ്ങളാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്കെതിരെ കേസെടുക്കാൻ കാരണമായതെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകും. പിന്നീട് ചാരക്കേസിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ഉപേക്ഷിച്ചു. ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യംതേടിവന്ന ഇൗ പ്രതികളും സമാനഅവസ്ഥ അനുഭവിക്കണമെന്ന് പറയാനാവില്ല.

Advertisement
Advertisement