ദേവസ്വം ബോർഡിൽ ബോണസ് വിതരണം അടുത്തയാഴ്‌ച

Monday 16 August 2021 12:47 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർ‌ക്ക് ഓണ ബോണസിനും ഫെസ്റ്റിവെൽ അലവൻസിനുമായി 10 കോടി രൂപ അനുവദിച്ചതായി പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ക്ഷേത്ര വരുമാനത്തിൽ നിന്നുള്ള വിഹിതവും സർക്കാർ നൽകിയ 10 കോടിയിൽ നിന്ന് അരിഷ്ടിച്ചെടുത്തുമാണ് ആനുകൂല്യമായി നൽകുന്നത്.

17, 18 തീയതികളിൽ വിതരണം ചെയ്യും. ഫെസ്റ്റിവൽ അലവൻസായി 2,750 രൂപയും ബോണസായി 4,000 രൂപയുമാണ് നൽകുന്നത്. കഴിഞ്ഞ തവണ അഡ്വാൻസായി നൽകിയ 15,000 രൂപ ഇക്കുറിയുണ്ടാകില്ല.

ഓണത്തിന് ഒരാഴ്ചമുമ്പ് ഉത്സവബത്തയും ബോണസും നൽകുന്നതായിരുന്നു ദേവസ്വം ബോർഡിലെ പതിവ്. 21 അസി. കമ്മിഷണർമാർക്ക് കീഴിൽ ബോർഡിൽ ആറായിരം ജീവനക്കാരുണ്ട്. ഇതിൽ നാലായിരവും ക്ഷേത്രം ജീവനക്കാരാണ്. ശമ്പളം നൽകാൻ മാത്രം 40 കോടി രൂപയാണ് ഇനി ബോർഡ് കണ്ടെത്തേണ്ടത്. 1250 ക്ഷേത്രങ്ങളുള്ള ബോർഡിന്റെ 60 എണ്ണത്തിൽ നിന്നുള്ള വരുമാനത്തിലാണ് മറ്റിടങ്ങളിലെ ചെലവും നടന്നിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ ഇവിടങ്ങളിലെ വരുമാനവും നിലച്ചു. ഇതേത്തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പുനർവിന്യാസമടക്കമുള്ള നടപടികൾ നടപ്പിലാക്കുകയാണ്. ഒപ്പം അത്യാവശ്യമല്ലാത്ത നിയമനങ്ങളും നിറുത്തിവച്ചു.

വഴിപാടുകളുടെയും പ്രസാദങ്ങളുടെയും നിരക്ക് വർദ്ധനവ് സംബന്ധിച്ച ദേവസ്വം ബോർ‌ഡ് കമ്മിഷണറുടെ റിപ്പോർട്ടും ശുപാർശകളും ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും. ക്ഷേത്രങ്ങൾ തുറക്കാനാവാത്തതുമൂലം 2020 മാർച്ച് മുതൽ ഇതുവരെ 650 കോടിയാണ് ബോർഡിനുണ്ടായ വരുമാന നഷ്ടം.

Advertisement
Advertisement