എല്ലാം മറന്ന മുള്ളർ,ഒന്നും മറക്കാത്ത ആരാധകർ

Sunday 15 August 2021 11:57 PM IST

ഗ്രൗണ്ടിലെ ഓരോ ചലനങ്ങളും കാമറക്കണ്ണുകൾ ഒപ്പിയെടുത്ത് നാളെകൾക്കായി കാത്തുവയ്ക്കുന്ന ഇന്നത്തെ കാലത്തിനും മുന്നേ ഫുട്ബാൾ കളി കണ്ടും കേട്ടും അനുഭവിച്ചവരുടെ ഓർമ്മകളിൽ ജീവിച്ചയാളാണ് ഗെർഡ് മുള്ളർ. പക്ഷേ അവസാനവർഷങ്ങൾ അദ്ദേഹം ജീവിച്ചത് ഓർമ്മകളുടെ അകമ്പടിയില്ലാതെയാണ്. അൽഷിമേഴ്സ് രോഗം തന്നെ പൂർണമായും കീഴടക്കും മുന്നേ മെസി തന്റെ റെക്കാഡുകളിലൊന്ന് തകർത്ത വിവരം അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ : ഈ റെക്കാഡുകളൊന്നും എന്റെ സ്വകാര്യസ്വത്തല്ല,പക്ഷേ ആത് ആരെങ്കിലും തിരുത്തിയെഴുതുന്നുവെങ്കിൽ അവന്റെ പേര് മെസി എന്നായിരിക്കും".

ബോംബർ എന്നായിരുന്നു കളിക്കളത്തിലെ മുള്ളറുടെ വിളിപ്പേര്. ആകാശത്തേക്ക് പൊടുന്നനെ പാഞ്ഞു പറന്നുവന്ന് ബോംബിട്ടു മടങ്ങുന്ന ബോംബർ വിമാനങ്ങളെ ഓർമ്മിപ്പിക്കുന്ന ആ വിളിപ്പേര് അക്ഷരാർത്ഥത്തിൽ ആവാഹിച്ചയാളായിരുന്നു മുള്ളർ. 1974ലെ ലോകകപ്പ് ഫൈനലിൽ അതിവേഗത്തിൽ വെട്ടിത്തിരിച്ച് നെതർലാൻഡ്സിന്റെ നെഞ്ചത്തേക്ക് മുള്ളർ വർഷിച്ച ബോംബാണ് പശ്ചിമ ജർമ്മനിയെ കിരീടാവകാശികളാക്കി മാറ്റിയത്. അതിന് രണ്ടുകൊല്ലം മുമ്പ് യൂറോകപ്പും മുള്ളർ ജർമ്മനിയിലെത്തിച്ചിരുന്നു.ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ മുള്ളർ ദേശീയ ടീമിന്റെ കുപ്പായമഴിച്ചുവച്ചു.

1945ൽ ജർമ്മനിയിലെ ബവേറിയൻ പ്രവിശ്യയിൽ ജനിച്ച മുള്ളർ 12-ാം വയസുവരെ പന്തുകളിക്കാൻ താത്പര്യം കാട്ടിയിരുന്നേയില്ല. പിന്നീട് നാട്ടിലെ ഒരു ചെറിയ ക്ളബിൽ അരങ്ങേറ്റം. ആദ്യസീസണിൽത്തന്നെ 51 ഗോളുകൾ അടിച്ചുകൂട്ടിയതോടെ 1964ൽ ബയേൺ മ്യൂണിക്കിലെത്തി. ഇത് യൂറോപ്യൻ ഫുട്ബാളിൽ രണ്ട് നക്ഷത്രങ്ങളുടെ ഉദയമായിരുന്നു, ബയേണിന്റെയും മുള്ളറുടെയും. ആദ്യ സീസണിൽത്തന്നെ 39 ഗോളുകൾ അടിച്ചുകൂട്ടിയ മുള്ളറുടെ ചിറകിലേറി ബയേൺ ഫസ്റ്റ് ഡിവിഷൻ ലീഗായ ബുണ്ടസ് ലിഗയിലേക്ക് സ്ഥാനക്കയറ്റം നേടി. ഫസ്റ്റ് ഡിവിഷനിലെ തന്റെ ആദ്യ സീസണിൽ 33കളികളിൽ നിന്ന് 15 ഗോളുകളേ നേടാനായുളളൂ. പക്ഷേ തുടർന്നുകളിച്ച 14ൽ ഏഴ് സീസണുകളിലും ടോപ്സ്കോറർ സ്ഥാനം മറ്റാർക്കും മുള്ളർ വിട്ടുകൊടുത്തില്ല. ഇതിനിടയിൽ നാലുവീതം ബുണ്ടസ് ലിഗ കിരീടവും ജർമ്മൻ കപ്പും മൂന്ന് യൂറോപ്യൻ കപ്പും ഓരോ യൂറോപ്യൻ വിന്നേഴ്സ് കപ്പും ക്ളബ് ലോകകപ്പും ബയേണിന്റെ അലമാരയിലെത്തി. യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ഗോളടി റെക്കാഡുകൾ സ്വന്തം പേരിലേക്ക് മാറ്റിക്കൊണ്ടേയിരുന്നു.

1979ൽ അമേരിക്കൻ ക്ളബ് ഫോർട്ട് ലൗഡർഡേലിലേക്ക് മാറി. മൂന്ന് വർഷത്തിന് ശേഷം 1981ൽ ബൂട്ടഴിച്ചു. പിന്നീട് മദ്യപാനശീലത്തിലേക്ക് വഴുതിവീണ മുള്ളറെ ക്ളബിന്റെ ഭാഗമാക്കി കൂടെനിറുത്തി ജീവിതം തിരിച്ചുപിടിക്കാൻ വഴിയൊരുക്കിയതും ബയേണാണ്. 2010 മുതലാണ് അൽഷിമേഴ്സ് ചങ്ങാത്തം കൂടാനെത്തിയത്. 2013ലാണ് അവസാനമായൊരു ചടങ്ങിൽ പങ്കെടുത്തത്. 2019ൽ ജർമ്മൻ ഫുട്ബാൾ ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.

427 മത്സരങ്ങളിൽ നിന്ന് 365 ഗോളുകൾ ബയേണിനായി നേടിയ മുള്ളറുടെ റെക്കാഡിന്റെ അടുത്തുപോലും ഇതുവരെ ആരും വന്നിട്ടില്ല.രണ്ടാം സ്ഥാനത്തുള്ള റോബർട്ടോ ലെവാൻഡോവ്സ്കി 351 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് 278 ഗോളുകൾ മാത്രം.

ബുണ്ടസ് ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ(40) എന്ന മുള്ളറുടെ റെക്കാഡ് കഴിഞ്ഞ സീസണിലാണ് ലെവാൻഡോവ്സ്കി മറികടന്നത്.

ഒരു വർഷം ക്ളബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന (1972ൽ 85 ഗോളുകൾ ) 2012ലാണ് മെസി (91) മറികടന്നത്.

62 കളികളിൽ നിന്ന് 68 ഗോളുകൾ നേടിയ മുള്ളർ നീണ്ട നാലുപതിറ്റാണ്ട് ജർമ്മൻ ദേശീയ ടീമിന്റെ ആൾടൈം ടോപ്സ്കോററായിരുന്നു. 2014ൽ മിറോസ്ളാവ് ക്ളോസെയാണ് ആ റെക്കാഡ് തിരുത്തിയത്.

14 ഗോളുകൾ ലോകകപ്പിൽ നിന്ന് നേടിയ മുള്ളറുടെ റെക്കാഡും മറികടന്നത് ക്ളോസെയാണ് .

കിരീടങ്ങൾ

ലോകകപ്പ് : 1974

യൂറോ കപ്പ് : 1972

യൂറോപ്യൻ കപ്പ് : 1973-74,1974-75,1975-76
ബുണ്ടസ് ലിഗ : 1968-69,1971-72,1972-73,1973-74

ജർമ്മൻ കപ്പ് : 1965-66,1966-67,1968-69,1970-71

ഇന്റർ കോണ്ടിനെന്റൽ കപ്പ് : 1976

യൂറോപ്യൻ വിന്നേഴ്സ് കപ്പ് : 1966-67

പുരസ്കാരങ്ങൾ

ബാൾ ഓൺ ഡി ഓർ :1970

ഫിഫ ഗോൾഡൻ ബൂട്ട് : 1970

യൂറോപ്യൻ ഗോൾഡൻ ഷൂ : 1970,72

ബയേൺ മ്യൂണിക്കിനെ ഇന്നത്തെ ബയേണാക്കി മാറ്റുന്നതിൽ പ്രധാനി ഗെർഡ് മുള്ളറായിരുന്നു. അദ്ദേഹത്തെക്കൂടാതെ ബയേണിന്റെ ചരിത്രം പൂർണമാവുകയില്ല. മുള്ളർ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും.

- ഒളിവർ കാൻ ,

മുൻ ജർമ്മൻ ഗോളി,ബയേൺ സി.ഇ.ഒ

Advertisement
Advertisement