കുതിപ്പിന് ഒരുങ്ങി കൊച്ചി കപ്പൽശാല

Tuesday 17 August 2021 12:23 AM IST

കൊച്ചി: വിമാനവാഹിനി വിക്രാന്ത് നിർമ്മാണത്തിലൂടെ ലോകശ്രദ്ധ നേടിയ കൊച്ചി കപ്പൽശാല കേരളത്തിന് പുറത്തും നിർമ്മാണ അറ്റകുറ്റപ്പണി ജോലികൾ ഏറ്റെടുത്ത് വൻകുതിപ്പിന് ഒരുങ്ങുന്നു. മുംബയ്, കൊൽക്കത്ത, പോർട്ട് ബ്ളെയർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് വൻസാദ്ധ്യതകളുള്ള കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികൾക്കും സ്വന്തമായി കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത്.

രാജ്യം ആഭ്യന്തരമായി രൂപകല്പന നടത്തിയ വിമാനവാഹിനി കപ്പലായ വിക്രാന്ത് നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളെല്ലാം പിന്നിട്ട് കടൽ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. അടുത്ത വർഷം ആഗസ്റ്റിൽ നാവികസേനയുടെ കപ്പൽ വ്യൂഹത്തിന്റെ ഭാഗമാകാൻ കഴിയുന്ന രീതിയിൽ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്ന ദൗത്യത്തിലാണ് കപ്പൽശാല. കപ്പൽ നിർമ്മാണത്തിലെ കൊച്ചിയുടെ പെരുമ ലോകം മുഴുവൻ വ്യാപിച്ചതോടെയാണ് നിലവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പുറമെ പൂർണമായും കപ്പൽശാലയുടെ ഉടമസ്ഥതയിൽ ഉപകമ്പനികൾ വഴി പ്രവർത്തനം വിപുലീകരിക്കുന്നത്.

 കർണാടകത്തിലും നിർമ്മിക്കും

മുംബയ്, കൊൽക്കത്ത, പോർട്ട് ബ്ളയർ എന്നിവിടങ്ങളിലാണ് കപ്പൽ അറ്റകുറ്റപ്പണികൾ വിപുലമാക്കുന്നത്. എച്ച്.സി.എസ്.എൽ എന്ന പേരിൽ ഉപകമ്പനി ഏതാനും വർഷം മുമ്പാണ് രൂപീകരിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. കർണാടകത്തിലെ മാൽപ്പെയിലാണ് കപ്പൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ടെബ്മ ഷിപ്പ്‌യാർഡ്സ് ലിമിറ്റഡ് എന്ന ഉപകമ്പനിയാണ് മാൽപ്പെയിൽ പ്രവർത്തിക്കുക. വാണിജ്യ ആവശ്യങ്ങൾക്കുള്ള ചെറുകിട, ഇടത്തരം കപ്പലുകളാകും അവിടെ നിർമ്മിക്കുക. ചെന്നൈ ആസ്ഥാനമായ കമ്പനിയെ കൊച്ചി കപ്പൽശാല ഏറ്റെടുത്തതാണ്.

 വിപുലമായ സാദ്ധ്യതകൾ

കപ്പലുകളുടെ അറ്റകുറ്റപ്പണി ആഗോളതലത്തിൽ വൻബിസിനസാണ്. പ്രശസ്തമായ കപ്പൽശാലകൾക്കാണ് പണികൾ ലഭിക്കുക. അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ചേർന്ന പ്രദേശം, സ്വഭാവിക തുറമുഖം എന്നിങ്ങനെ നിരവധി പ്രത്യേകതകളും കൊച്ചിക്കുണ്ട്. കപ്പൽശാലയുടെ സൽപ്പേര് വിനിയോഗിച്ച് ഓർഡറുകൾ സ്വീകരിക്കാനും മറ്റു കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താനും കഴിയുമെന്ന് കപ്പൽശാലാ വൃത്തങ്ങൾ പറഞ്ഞു.

നിർമ്മാണത്തിന് പുറമെ അറ്റകുറ്റപ്പണികൾക്കും പ്രശസ്തമാണ് കൊച്ചി. യുദ്ധക്കപ്പലുകൾ ഉൾപ്പെടെ കൊച്ചിയിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് 14 തവണയാണ് കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണി നടത്തിയത്. നിരവധി വിദേശ വാണിജ്യ കപ്പലുകളും കൊച്ചിയിൽ അറ്റകുറ്റപ്പണി നടത്തി മടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വിദേശങ്ങളിൽ നിന്നും അറ്റകുറ്റപ്പണിക്ക് കരാർ ലഭിക്കാനുള്ള സാദ്ധ്യത വലുതാണ്.

 ഡ്രൈ ഡോക്ക് കുതിപ്പേകും

കൊച്ചിയിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന ശ്രമത്തിലാണ് കപ്പൽശാല. നിലവിലെ ഡ്രൈ ഡോക്കുകൾക്ക് പുറമെ പുതിയതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ അടിസ്ഥാനസൗകര്യം വർദ്ധിക്കും. 310 മീറ്റർ നീളമുള്ള ഡ്രൈ ഡോക്കിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ പ്രധാന ഡോക്കായി ഇത് മാറും. ഷിപ്പ് ലിഫ്റ്റ് സംവിധാനത്തിലുള്ള അറ്റകുറ്റപ്പണിശാല വില്ലിംഗ്ഡൺ ഐലൻഡിലും നിർമ്മാണത്തിലാണ്.

 നിർമാണത്തിലുള്ള ഡ്രൈഡോക്കിന്റെ നീളം: 310 മീറ്റർ

Advertisement
Advertisement