മീൻ പിടിത്ത ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ

Tuesday 17 August 2021 12:38 AM IST

 ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു

തൃശൂർ: മീൻ പിടിത്തം പരിശീലിപ്പിക്കാനെന്ന പേരിൽ യൂ ട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികളെ ആകർഷിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സാമ്പാർ സനൂപ് എന്ന സനൂപിനെയാണ് (32) ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

മണലിപ്പുഴയാറ്റിൽ മീൻപിടിത്തം പരിശീലിപ്പിക്കാനെന്നു പറഞ്ഞാണ് ചാനലിലൂടെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും ആകർഷിക്കുന്നത്. ഇങ്ങനെ എത്തുന്നവരെ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശത്ത് കൊണ്ടുപോയി ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കും. പിന്നെ സ്ഥിരം കസ്റ്റമേഴ്‌സാക്കി മാറ്റുകയാണ് ചെയ്യുന്നത്. 500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിറ്റത്.

ആയിരങ്ങൾ വിലയുള്ള പത്തിലേറെ ആധുനിക ചൂണ്ടകളും ഇയാൾ കൈവശം വച്ചിരുന്നു. ഇതും സ്വന്തമായുണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകർഷിക്കുകയായിരുന്നു. പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ ഒട്ടേറെ ചെറുപ്പക്കാരും വിദ്യാർത്ഥികളും ഇയാളുടെ സ്ഥിരം കസ്റ്റമേഴ്സാണെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കുമെന്നും കൗൺസലിംഗ് ആവശ്യമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെ നൽകുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിനന്ദനൻ പറഞ്ഞു.

Advertisement
Advertisement