രാഷ്ട്രപതിയുടെ മെഡൽ, മമ്മൂട്ടിയുടെ ഡയലോഗ് സാർത്ഥകമാക്കിയ അനിൽ

Tuesday 17 August 2021 12:50 AM IST
പി.അനിൽകുമാർ

കൊല്ലം: '101 ഡയൽ ചെയ്യുന്ന ഏതൊരു സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്, ഏത് ആപത്തിൽനിന്നും അവനെ രക്ഷിക്കാൻ ഒരു ഫയർമാൻ വരുമെന്നുള്ള വിശ്വാസം...'- ഫയർമാൻ സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ പി. അനിൽകുമാറിന് നന്നേ ഇണങ്ങും. എഴുപതിലധികം ജീവനുകളാണ് അനിൽകുമാർ ഇതിനകം രക്ഷിച്ചത്. അദ്ദേഹം രാഷ്ട്രപതിയുടെ മെഡലിന് അർഹനായപ്പോൾ അടുത്തറിയാവുന്നവർ അദ്ഭുതപ്പെട്ടില്ല. അർഹതയ്ക്കുള്ള അംഗീകാരമെന്നോണം എല്ലാവരും അഭിനന്ദിച്ചു.

കൊട്ടാരക്കര കുറുമ്പാലൂർ നമ്പടിയാല വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും തുളസീഭായിയുടെയും മകനാണ് അനിൽകുമാർ (46). പട്ടാളക്കാരനായിരുന്ന അച്ഛന്റെ ചിട്ടവട്ടങ്ങളിലാണ് വളർന്നത്. കോട്ടാത്തല പണയിൽ സ്കൂൾ ഗ്രൗണ്ടിലും മറ്റുമായി ക്രിക്കറ്റ് കളിച്ച് കുട്ടിക്കാലത്തേ നാട്ടിലെ താരമായിരുന്നു. 2004ൽ സർവീസിൽ പ്രവേശിച്ചു. പത്തനംതിട്ട ജില്ല ഫയർഫോഴ്സിലായിരുന്നു ആദ്യ പോസ്റ്റിംഗ്. പിന്നീട് കൊട്ടാരക്കരയിൽ 9 വർഷം. ഇപ്പോൾ റാന്നിയിൽ. കൊട്ടാരക്കര യൂണിറ്റിൽ ജോലി ചെയ്യവേയാണ് കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്ക് അവസരമൊരുങ്ങിയത്. കിണറ്റിൽ വീണുള്ള അപകടങ്ങളായിരുന്നു ഏറെയും. എത്ര ആഴമുള്ള കിണറ്റിലും ഇറങ്ങാൻ മടിയുണ്ടായിരുന്നില്ല.

കരുനാഗപ്പള്ളിയിൽ ടാങ്കർ ദുരന്തമുണ്ടായപ്പോഴുള്ള രക്ഷാപ്രവർത്തനം മറക്കാനാകാത്തതാണ്. പ്രളയകാലത്തും മറ്റ് ദുരന്തവേളകളിലുമൊക്കെ ജീവൻ പണയംവച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. 2018ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചു. 20 റിവാഡുകൾ ലഭിച്ചതോടെയാണ് രാഷ്ട്രപതിയുടെ മെഡലിന് പരിഗണിച്ചത്. നിധി എസ്.ബാബുവാണ് ഭാര്യ. മക്കൾ: നിരഞ്ജന, നിവേദ്.

തിരുവോണത്തിനടക്കം കുടുംബത്തോടൊപ്പം സദ്യയുണ്ണാൻ കഴിയാറില്ല. ഓണനാളല്ലേ, എപ്പോൾ എന്തു സംഭവിക്കുമെന്ന് അറിയില്ലല്ലോ. ഡ്യൂട്ടിയാണ് പ്രധാനം. ഇക്കുറി തിരുവോണത്തിന് അവധി ലഭിച്ചിട്ടുണ്ട്. എന്നാലും അടിയന്തിര ഘട്ടമാണെങ്കിൽ അവധി വേണ്ടെന്ന് വയ്ക്കും

-പി.അനിൽകുമാർ

Advertisement
Advertisement