കാട്ടാന ശല്യം: റബ്ബറിനും രക്ഷയില്ല

Friday 20 August 2021 12:00 AM IST

അലനല്ലൂർ: കാട്ടാനകൾ റബ്ബർ മരങ്ങളുടെ തൊലി പൊളിച്ച് തിന്നുന്നത് കർഷകർക്ക് തലവേദനയാകുന്നു. കോട്ടോപ്പാടം കണ്ടമംഗലത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം കൊറ്റംകോടൻ നാണിയുടെ കൃഷിയിടത്തിലെ റബ്ബർ ഉൾപ്പെടെയുള്ള വിവിധ മരങ്ങളുടെ തൊലിയാണ് പൊളിച്ചു തിന്നത്. ഏകദേശം ഒരാൾ പൊക്കത്തിലാണ് മരത്തിന്റെ തൊലി മുഴുവനായും പൊളിച്ചു തിന്നുന്നത്. മരങ്ങളുടെ തൊലി കാട്ടാനകൾ പൊളിച്ചു തിന്നുന്നത് കാണുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു. റബ്ബർ മരങ്ങളുടെ തൊലി പൊളിച്ചു തിന്നുന്നതിനാൽ കർഷകർ ആശങ്കയിലാണ്. ടാപ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്ന മരങ്ങളുടെ തൊലിയാണ് പൊളിക്കുന്നത്. ഈ മരങ്ങൾ പിന്നീട് ടാപ്പ് ചെയ്യാനാകില്ല. മരങ്ങൾ വൈകാതെ ഉണങ്ങുകയും ചെയ്യും.

റബ്ബർ: അവസാന പ്രതീക്ഷ

വിവിധ വന്യമൃഗങ്ങളുടെ ശല്യം കാരണം മലയോര മേഖലയിലുള്ള കർഷകർക്ക് ഏക ആശ്രയം റബ്ബർ കൃഷിയാണ്.

കാട്ടാനകൾ റബ്ബർ മരങ്ങളുടെ തൊലി പൊളിച്ചു തിന്നുന്നത് ആവർത്തിച്ചാൽ ഈ കൃഷി മേഖലയും തകരുമെന്നാണ് കർഷകർ പറയുന്നത്.

കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം മണ്ണാർക്കാട് മൻസിൽ സൈനബ റഹ്മാന്റെ തൊള്ളായിരത്തോളം റബ്ബർ തൈകളിൽ 300ഓളം തൈകളും നശിപ്പിച്ചു. ഇതോടെ കർഷകർ പ്രതിഷേധത്തിലാണ്.

കാട്ടാനകൾ നാട്ടിൽ ഇറങ്ങാതിരിക്കാനുള്ള സംവിധാനം വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാവണമെന്നും നശിച്ച കൃഷിയ്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Advertisement
Advertisement