പി ടി ഉഷയുടെ പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

Thursday 19 August 2021 7:05 PM IST

കോഴിക്കോട്: രാജ്യത്തെ എക്കാലത്തേയും മികച്ച കായിക പരിശീലകരിൽ ഒരാളായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. ഇന്ത്യൻ അത്‍ലറ്റിക്സിന് പേരും പെരുമയും സംഭാവന നൽകിയ അദ്ദേഹം പി.ടി. ഉഷയുടെ കോച്ചായിരുന്നു. ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജോതാവായ ഒ.എം.നമ്പ്യാരെ ഈ വർഷം പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.

രണ്ട് ഒളിമ്പിക്സ്, നാല് ഏഷ്യാഡ്, ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പരിശീലകനായി ഒ.എം. നമ്പ്യാർ പങ്കെടുത്തിട്ടുണ്ട്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തനായത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു അദ്ദേഹം.

1976ൽ ക​ണ്ണൂ​ർ സ്പോർ​ട്​​സ്​ ഡി​വി​ഷ​ൻ രൂപവത്ക​രി​ച്ച​പ്പോ​ൾ അവിടെ പരിശീലകനായി എത്തിയതുമുതലാണ് ഒ.​എം നമ്പ്യാരും ഉഷയുമായുളള ​ഗുരു-ശിഷ്യ ബന്ധം ആരംഭിക്കുന്നത്. കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു ഉഷ. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1990ലെ ബെയ്ജിംഗ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു.

1984 ലോസ്ഏഞ്ചല്‍സ് ഒ​ളി​മ്പി​ക്​​സി​ൽ ഉ​ഷ 400 മീറ്റർ ​ഹ​ർഡിൽ​സി​ൽ ​നാ​ലാം സ്ഥാ​ന​ത്തെ​ത്തിയ​തി​നു പിന്നാലെ, 1985ലായിരുന്നു ഒ.​എം. നന്പ്യാരെ രാജ്യം ദ്രോ​ണാ​ചാ​ര്യ പു​ര​സ്​​കാ​രം നൽകി ആദരിച്ചത്. ഉഷയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ ശേ​ഷം അദ്ദേഹം സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഒഫ്​ ഇ​ന്ത്യ​യു​ടെ​യും സം​സ്​​ഥാ​ന സ്പോർട്സ്​കൗൺ​സി​ലിന്റെ​യും സഹായത്താ​ൽ യുവതാരങ്ങ​ളെ പ​രി​ശീ​ലി​പ്പി​ച്ചു. പ​ത്മ പു​ര​സ്​​കാ​ര​ത്തി​ന്​ അർഹനാവുന്ന ആ​ദ്യ മലയാ​ളി പ​രി​ശീ​ല​ക​നെന്ന ഘ്യാതിയും ഒ.​എം. നമ്പ്യാർക്ക് സ്വന്തമാണ്.