ഉന്മാദ ലഹരി ഒഴുക്കാൻ താലിബാൻ, കേരളത്തിനും ഭീഷണി

Friday 20 August 2021 12:30 AM IST

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ, മയക്കുമരുന്നുകളും രാസലഹരികളും വൻതോതിൽ ഇന്ത്യയിലേക്ക് കടത്തുമെന്ന് ആശങ്ക. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. ഇതിനെതിരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉൾപ്പെടെ ജാഗ്രതയിലാണ്. അഫ്ഗാൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ 'മെത്ത്ട്രാക്‌സും' കേരളത്തിൽ സുലഭമാണ്. അഫ്ഗാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ശതകോടികളുടെ മയക്കുമരുന്നാണ് കടത്തുന്നത്. രണ്ടുവർഷത്തിനിടെ 1000 കോടിയുടെ മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്.

ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാക്കുന്ന 'മെത്ത്ട്രാക്‌സ്' ആണ് അഫ്ഗാനിൽ നിന്നെത്തുന്നതിൽ ഏറ്റവും അപകടകരം. കിലോയ്‌ക്ക് ഒരുകോടിയാണ് വില. 5 മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ലോകം മുഴുവൻ നിരോധിച്ചതായതിനാൽ ഡിമാന്റേറെയാണ്. എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ പ്രധാന ഉത്പാദകരാണ് അഫ്ഗാൻ ലാബുകൾ. നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി അഫ്ഗാനിൽ നിന്ന് ഓപിയവും ഹെറോയിനുമെത്തുന്നു. അതിർത്തികടന്നുള്ല കള്ളക്കടത്തിനു പുറമെ കൊറിയറിൽ എത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസികളുമുണ്ട്.

 അമൃത്‌സറും മുംബയും കഴിഞ്ഞാൽ വലിയ ലഹരിവിപണി കൊച്ചി

 തിരുവനന്തപുരത്ത് പ്രതിമാസം വിൽക്കുന്നത് 100 കോടിയുടെ ലഹരിമരുന്ന്

 ലഹരിമരുന്നും താലിബാനും

 ലോകത്തെ വലിയ കറുപ്പ് (ഓപിയം) ഉത്പാദനം അഫ്ഗാനിലാണ്. താലിബാൻ നിയന്ത്രിത മേഖലകളിലാണ് കൃഷിയേറെയും. ഓപിയം ഹെറോയിനാക്കി മാറ്റുന്ന ലാബുകൾ നിരവധി.

 ലഹരിമരുന്ന് വ്യാപാരത്തിലൂടെ 30,000 കോടിയാണ് താലിബാന്റെ വാർഷികവരുമാനമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട്.

 ഓപിയം നിർമ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്കരിച്ചെടുക്കുന്ന ലാബുകൾക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ലക്കടത്തുകാർക്കുമെല്ലാം താലിബാന്റെ സുരക്ഷയുണ്ട്. ഇതിന് കൃഷിക്കാരും കച്ചവടക്കാരും 10ശതമാനം നികുതി നൽകണം.

 ഇന്ത്യയിലേക്ക് കടൽ, കര മാർഗങ്ങളിലൂടെ ലഹരി കടത്തുണ്ട്. ഗൾഫിലെത്തിച്ച് വ്യോമമാർഗവും കടത്തുന്നു. താലിബാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമുണ്ട്.

Advertisement
Advertisement