ജനകീയാസൂത്രണം രജതജൂബിലി നിറവിൽ, ഒരു വർഷത്തെ പദ്ധതികൾക്ക് തുടക്കം

Friday 20 August 2021 12:26 AM IST

പത്തനംതിട്ട : ജനകീയാസൂത്രണ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കംകുറിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തോടെ വലിയ മുന്നേറ്റമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണു നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു.

അധികാരവികേന്ദ്രീകരണം സംബന്ധിച്ച സെമിനാറുകൾ, ബോധവത്ക്കരണ പരിപാടികൾ, കലാപരിപാടികൾ, ആദ്യകാല പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയവ ഇതിന്റ ഭാഗമായി സംഘടിപ്പിക്കും. 96 - 97 വർഷത്തെ വികസനരേഖ പുതുക്കി നവംബർ ഒന്നിന് പുറത്തിറക്കും.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു

25 വർഷത്തിനിടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മാത്യു കുളത്തുങ്കൽ, കെ.കെ.റോയ്‌സൺ, അപ്പിനഴികത്ത് ശാന്തകുമാരി, ബാബു ജോർജ്, ഡോ.സജി ചാക്കോ, അഡ്വ.ആർ.ഹരിദാസ് ഇടത്തിട്ട, അന്നപൂർണാ ദേവി, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ എന്നിവരെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം എ.പി.ജയൻ, മുൻ അംഗങ്ങളും നിലവിൽ അംഗങ്ങളുമായ റോബിൻ പീറ്റർ, ആർ.അജയകുമാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മുൻ പ്രസിഡന്റ് ഡോ.മേരി തോമസ് മടോലിലിനെ വീട്ടിൽ എത്തി ആദരിക്കും.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി.രാജപ്പൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പന്തളം ബ്ലോക്കി​നെ നയി​ച്ചവർ ഒത്തുകൂടി​

പന്തളം: ഇരുപത്തിയഞ്ച് വർഷത്തെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങൾ അയവിറക്കാൻ കഴിഞ്ഞകാല നേതാക്കൾ ഒത്തുചേർന്നു. ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷ വേദിയിൽ 1995 മുതൽക്കുള്ള പ്രസിഡന്റുമാരാണ് സംഗമിച്ചത്.
പന്തളം ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ നിർവ്വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ പ്രസിഡന്റുമാരായ മഞ്ജു വിശ്വനാഥ്, ലൗലി ഗോപാലൻ, ഓമന അയ്യപ്പൻ, വി.കെ.മുരളി, ബി.നന്ദകുമാർ, ജോൺസൻ ഉള്ളന്നൂർ, സി.എൻ. ജാനകി, കെ.എം.ഗോപി, അഡ്വ.കെ.ആർ.പ്രമോദ് കുമാർ, രേഖ അനിൽ എന്നിവരെ ആദരിച്ചു.
ഈ കാലയളവിൽ ജനപ്രതിനിധികളായവരെയു, ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചവരെയും തുടർന്ന് വരുന്ന ചടങ്ങുകളിൽ ആദരിക്കും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുൻ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഓൺലൈനായി പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ പോൾ രാജൻ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബി.എസ്.അനീഷ് മോൻ, ലീന സി.പി, മെമ്പർമാരായ അനില എസ്. നായർ, ജൂലി ദിലീപ്, ലാലി ജോൺ, സന്തോഷ് കുമാർ, വി.എം.മധു, ശോഭാ മധു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹർഷൻ, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ വി.ബി.വിജു, നൈസാം എന്നിവർ സംസാരിച്ചു.

Advertisement
Advertisement