ഇനി ഉത്രാടപ്പാച്ചിലിന്റെ ഉഷാറിൽ...

Friday 20 August 2021 12:10 AM IST

ഓണത്തിരക്കിൽ... തിരുവോണ സദ്യയൊരുക്കാനുള്ള പച്ചക്കറികൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു ഇന്നലെ എങ്ങും. കോഴിക്കോട് പാളയം മാർക്കറ്റിൽ നിന്നുള്ള കാഴ്ച.

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിലും മലയാളികൾ ജാഗ്രത കൈവിടാതെ ഉത്രാടപ്പാച്ചിലിന്റെ ഉഷാറിലായി. ദിവസങ്ങൾക്ക് മുമ്പേ തുടങ്ങിവെച്ച ഓണ ഒരുക്കങ്ങൾ ഇന്നത്തോടെ ഏതാണ്ട് പൂർണമാവും. നാളെ പുത്തൻ പ്രതീക്ഷകൾ നിറയുന്ന പൊന്നോണം.

അടുക്കളയിലേക്കുള്ള സാധനങ്ങൾ ഒന്നും ഒഴിയാതെ എത്തിക്കാനുള്ള തിരക്കായിരുന്നു ഇന്നലെ. കട കമ്പോളങ്ങളിലേക്ക് ആളുകൾ ഒഴുകി. അത്തം മുതൽ തന്നെ നഗരം തിരക്കിലായിരുന്നു. മിഠായിത്തെരുവ്, പാളയം, മാവൂർ റോഡ്, വലിയങ്ങാടി ഭാഗങ്ങളിലാണ് ജനത്തിരക്ക് ഏറെയും. വസ്ത്രശാലകളിലും ഗൃഹോപകരണ ഷോറൂകളിലും സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറിക്കടകളിലുമായിരുന്നു ആവശ്യക്കാരുടെ തള്ളിച്ച കൂടുതലും. പച്ചക്കറി ഇനങ്ങൾക്ക് വലിയ തോതിൽ വില കൂടിയില്ലെന്നത് സാധാരണക്കാർക്ക് ആശ്വാസമായി. പൂക്കച്ചവടത്തിന് ഇത്തവണ നിയന്ത്രണമില്ലെന്നതിനാൽ നഗരത്തിലെ പ്രധാന കേന്ദ്രമായ പാളയത്ത് കച്ചവടം പൊടിപൊടിക്കുകയാണ്. മിഠായിതെരുവിലെ വസ്ത്ര വ്യാപാരശാലകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തൻ ട്രെൻഡി ഇനങ്ങൾക്കാണ് ഡിമാൻഡ് ഏറെയും. നഗരത്തിലെ തിരക്കുകൾക്കിടയിൽ സെൽഫിക്കാരും കുറവല്ല. തിരിഞ്ഞും മറിഞ്ഞും നോക്കി മാസ്‌ക് മാറ്റിയാണ് ഫോട്ടോയെടുപ്പ്. ഓണക്കാലത്തെ തെരുവ് കച്ചവടം കൊവിഡ് നിയന്ത്രണം കാരണം ഇക്കുറിയുമില്ല. അതല്ലെങ്കിൽ പുറംനാടുകളിൽ നിന്നുള്ളവർ വഴിയോരങ്ങളിൽ നിറയാറുള്ളതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി വിപണിയിൽ അതിനൊക്കെ ഇളവ് വന്ന അവസ്ഥയാണ്. ആളുകൾ കൂട്ടമായെത്തുമ്പോൾ തിരക്ക് നിയന്ത്രിക്കാനാവാതെ കുഴങ്ങുകയാണ് പൊലീസുകാർ. കൺസ്യൂമർ ഫെഡിന്റെയും ഖാദിയുടെയും മറ്റും നേതൃത്വത്തിൽ ഓണച്ചന്തകൾ സജീവമാണ്. ഓണച്ചന്തകളിൽ പച്ചക്കറികൾ യഥേഷ്ടം എത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയ്ക്ക് പുറമെ ഹോർട്ടികൾച്ചർ കോർപ്പറേഷന്റെ കടകളും സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ തിരക്ക് കുറവായിരുന്നെങ്കിലും ബസുകൾ മിക്കതും ഇപ്പോൾ ആലുകളെ കുത്തി നിറച്ചാണ് യാത്ര. സമീപഗ്രാമങ്ങളിൽ നിന്നു വരെ ഓണഷോപ്പിംഗിന് ആളുകൾ നഗരത്തിലേക്ക് എത്തുന്നതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. പാളയം, മാനാഞ്ചിറ ഡി.ഡി ഓഫിസ് പരിസരം, വൈക്കം മുഹമ്മദ് ബഷീർ റോഡ് എന്നിവിടങ്ങൾ ഇരുചക്രവാഹനങ്ങൾ കൈയടക്കുന്നുണ്ട്. ചിലയിടങ്ങളിൽ പേ പാർക്കിംഗ് സംവിധാനമുണ്ടെങ്കിലും കൂടുതൽ പേരും റോഡരികിൽ പാർക്ക് ചെയ്യുകയാണ് പതിവ്. ഇത് ഗതാഗതകുരുക്കിന് കാരണമാവുന്നു. കല്ലായി റോഡിലും പാളയത്തും ബസ്സുകളെന്ന പോലെ സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം പലപ്പോഴും ഏറെ നേരം കുരുക്കിൽ പെടുന്നുണ്ട്.

Advertisement
Advertisement