4 മാസത്തെ താഴ്ചയിൽ ക്രൂഡോയിൽ വില

Friday 20 August 2021 3:30 AM IST

കൊച്ചി: ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ആശ്വാസംപകർന്ന് ക്രൂഡോയിൽ വില താഴുന്നു. രാജ്യാന്തര ക്രൂഡോയിൽ വില (ഡബ്ള്യു.ടി.ഐ) ഇന്നലെ ബാരലിന് 2.20 ഡോളർ താഴ്‌ന്ന് 63.06 ഡോളറായി. മേയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞവിലയാണിത്. ബ്രെന്റ് ക്രൂഡ് വില 2.08 ഡോളർ കുറഞ്ഞ് 66.15 ഡോളറായി.

ജൂലായ് 30ന് ഡബ്ള്യു.ടി.ഐയ്ക്ക് വില 73.95 ഡോളറും ബ്രെന്റിന് 75.41 ഡോളറുമായിരുന്നു. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇറാക്ക്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വൻതോതിൽ വാങ്ങുന്നത്. ഇന്ത്യയുടെ വാങ്ങൽച്ചെലവ് ജൂലായ് 30ലെ 74.64 ഡോളറിൽ നിന്ന് ബാരലിന് 68.92 ഡോളറായി കുറഞ്ഞിട്ടുണ്ട്.

അഫ്‌ഗാനും കൊവി‌ഡും

ഒട്ടേറെ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നുണ്ട്. ഇത്, ഡിമാൻഡിനെ ബാധിക്കുമെന്ന ഭീതിയാണ് ക്രൂഡ് വിലയുടെ നിലവിലെ ഇടിവിന് മുഖ്യകാരണം. അഫ്‌ഗാൻ അഭയാർത്ഥികളുടെ ഒഴുക്ക് ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ്‌സ്ഥിതിയെ ബാധിച്ചേക്കാമെന്നും ഇത് ഡോളറിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു. ഇതും, ക്രൂഡോയിൽ വിലയിറക്കം സൃഷ്‌ടിക്കാം.

സംഭരണി തുറന്ന് ഇന്ത്യ

കരുതൽ എണ്ണ സംഭരണിയിലെ ക്രൂഡോയിൽ പൊതുവിപണിയിലിറക്കി ഇന്ത്യ. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. കരുതൽ ശേഖരമായി (സ്‌ട്രാറ്റജിക് പെട്രോളിയം റിസർവ് - എസ്.പി.ആർ) ഇന്ത്യയ്ക്ക് അഞ്ചു മില്യൺ ടൺ (36.5 മില്യൺ ബാരൽ) ക്രൂഡോയിലുണ്ട്.

മംഗലാപുരം, പദൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സംഭരണികൾ. ഇവയുടെ ചുമതല ഇന്ത്യൻ സ്‌ട്രാറ്റജിക് പെട്രോളിയം റിസർവിനാണ് (ഐ.എസ്.പി.ആർ). കഴിഞ്ഞവർഷം ഏപ്രിലിലാണ് ക്രൂഡ് വില ബാരലിന് 30 ഡോളറിൽ താഴെയെത്തിയത് മുതലെടുത്ത് ഇന്ത്യ കരുതൽ സംഭരണികൾ നിറച്ചത്.

Advertisement
Advertisement