ശ്രീകുമാർ,നാരായണൻ പമ്പ മേൽശാന്തിമാർ, എസ്.ഗിരീഷ്‌കുമാർ ശബരിമല കീഴ്ശാന്തി

Friday 20 August 2021 3:24 AM IST

ശബരിമല: ശബരിമല കീഴ്ശാന്തിയെയും പമ്പാക്ഷേത്രത്തിലെ രണ്ട് മേൽശാന്തിമാരെയും നറുക്കുടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇന്നലെ ഉഷഃപൂജയ്ക്കുശേഷം ശബരിമല ശ്രീകോവിലിനു മുന്നിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് എസ്.ഗിരീഷ് കുമാറിനെ ശബരിമല കീഴ്ശാന്തിയായി (ഉൾക്കഴകം) തിരഞ്ഞെടുത്തത്. ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ നിക്ഷേപിച്ച ശേഷം മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിലിൽ കൊണ്ടുപോയി പൂജനടത്തി. രണ്ടാമത്തെ നറുക്കിലൂടെയാണ് കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനായ എസ്. ഗിരീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ എസ്.പി. ആദിൽ എന്ന ബാലനാണ് നറുക്കെടുത്തത്. ആറന്മുള കുറുങ്ങഴക്കാവ് ദേവസ്വത്തിലെ ശാന്തിക്കാരൻ പി.കെ. ശ്രീകുമാർ വാസുദേവൻ നമ്പൂതിരി, ഉള്ളൂർ അണിയൂർ ദേവസ്വത്തിലെ എസ്.എസ്.നാരായണൻ പോറ്റി എന്നിവരാണ് പമ്പ മേൽശാന്തിമാർ. കോട്ടയം സ്വദേശികളായ ശ്രീപാർവണ, സ്വാതി കീർത്തി എന്നിവരാണ് പമ്പ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടത്തിയത്. 5 പേരാണ് മേൽശാന്തി ലിസ്റ്റിൽ ഉണ്ടായിരുന്നത്.

Advertisement
Advertisement