ഉത്രാട നാളിൽ തിമിരി ബാങ്കിന് കിട്ടി പെട്ടികൾ നിറയെ പെടക്ക്ണ മീൻ

Friday 20 August 2021 7:07 PM IST
തിമിരി സർവീസ് സഹകരണ ബാങ്കിന്റെ മത്സ്യകൃഷി വിളവെടുപ്പ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ഇതാദ്യമായി തുടങ്ങിയ മത്സ്യകൃഷിയിൽ തിമിരി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചത് ഒന്നര ക്വിന്റൽ മീൻ. ഓണം പ്രമാണിച്ച് നേരത്തെയാക്കിയ വിളവെടുപ്പ് എം. രാജഗോപാലൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.

തിമിരി ബാങ്കിന്റെ വിശാലമായ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഏഴ്‌ ശുദ്ധജല ടാങ്കുകളിലാണ് മത്സ്യകൃഷി തുടങ്ങിയത്. ഏഴ് യൂണിറ്റുകളിലായി എട്ടു ലക്ഷത്തോളം രൂപ ചിലവിൽ കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു തുടക്കം. ഓരോ ശുദ്ധജല ടാങ്കിലും ഒരു മാസം ഇടവിട്ട് വിളവെടുക്കുന്ന വിധത്തിൽ 1250 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആറുമാസം പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച ഓരോ കുഞ്ഞിനും 400 ഗ്രാം വീതം തൂക്കം വരുമെന്നാണ് ഫിഷറീസിന്റെ കണക്ക്.

ഓണത്തിന് മുന്നോടിയായി രണ്ട് ടാങ്കുകളിൽ നിന്നാണ് വളർച്ചയെത്തിയ മത്സ്യങ്ങളെ പുറത്തെടുത്തത്. മറ്റു ടാങ്കുകളിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളുടെ വിളവെടുപ്പ് അടുത്ത മാസം മുതൽ നടത്തും. ഒരുവർഷം രണ്ടുതവണ വിളവെടുപ്പ് നടത്തുന്ന തരത്തിലാണ് ബാങ്കിന്റെ മീൻകൃഷി. വലിപ്പം കണക്കാക്കി 10 രൂപ നിരക്കിലാണ് മത്സ്യക്കുഞ്ഞുങ്ങളെ കൃഷിക്കായി നൽകുന്നത്. ചടങ്ങിൽ പ്രസിഡന്റ് വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, പി. കമലാക്ഷൻ, കെ. ദാമോദരൻ, ടി. ബാബു, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.വി. സുരേഷ് കുമാർ സ്വാഗതവും പി.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement