വികസന ഫണ്ട് ചെലവഴിക്കൽ ഒച്ചിന്റെ വേഗത്തിൽ; മലപ്പുറം 13-ാം സ്ഥാനത്ത്

Saturday 21 August 2021 12:00 AM IST

മലപ്പുറം: പുതിയ സാമ്പത്തിക വർഷം പകുതിയോട് അടുത്തിട്ടും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വിവിധ വികസനപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 7.86 ശതമാനം തുക മാത്രം. വികസന ഫണ്ടുകൾ ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് മലപ്പുറം. മുൻവർഷങ്ങളെ അപേക്ഷിച്ച് വികസന ഫണ്ടുകൾ സമയബന്ധിതമായി ചെലവഴിക്കുന്നതിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പിന്നാക്കം പോയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് മലപ്പുറത്താണ്. 696.01 കോടിയുടെ ബഡ്ജറ്റാണ് 2021-22 സാമ്പത്തിക വർഷത്തേക്കായി ജില്ലയിലെ 121 തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ്. 650.1 കോടി രൂപ. വകയിരുത്തിയ തുക ഇതുവരെ ചെലവഴിച്ചതിൽ 13-ാം സ്ഥാനത്താണ് മലപ്പുറം. കാസർകോട് മാത്രമാണ് മലപ്പുറത്തിന് പിന്നിലുള്ളത്. കൊല്ലം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളാണ് തുക ചെലവഴിച്ചതിൽ മുന്നിലുള്ളത്.
ജില്ലയിൽ നാലര മാസത്തിനിടെ 54.73 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളും കുടിശ്ശിക സംബന്ധിച്ച് കരാറുകാരുടെ നിസ്സഹകരണവുമാണ് പദ്ധതി നടത്തിപ്പുകളുടെ വേഗം കുറയാൻ കാരണമായി തദ്ദേശ ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 186 ബില്ലുകളിലായി 4.79 കോടി രൂപ മാത്രമാണ് ട്രഷറിയിൽ കെട്ടിക്കിടക്കുന്നത്. സാമ്പത്തിക വർഷം അവസാനത്തിലേക്ക് എത്തുമ്പോൾ ധൃതിപ്പെട്ട് ഫണ്ടുകൾ ചെലവഴിക്കുന്ന രീതിയ്ക്ക് ഇപ്പോഴും മാറ്റമില്ലാത്തതാണ് ഫണ്ടുകൾ സമയബന്ധിതമായി പ്രയോജനപ്പെടുത്തുന്നതിൽ പിന്നാക്കം പോവാൻ കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

എന്ന് തീ‌ർക്കും ഫണ്ട്

20 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ച ഏഴ് തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ് ജില്ലയിലുള്ളത്. തവനൂർ, മൊറയൂർ, പെരുവള്ളൂർ, നന്നമ്പ്ര, മാറഞ്ചേരി, മക്കരപ്പറമ്പ്, തലക്കാട് എന്നിവയാണിത്. തവനൂരാണ് മുന്നിൽ. 24.35 ശതമാനം തുകയും ചെലവഴിച്ചു. ആദ്യപത്തിൽ നഗരസഭകളിൽ നിന്ന് തിരൂർ മുനിസിപ്പാലിറ്റി മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. 19.5 ശതമാനം തുക ചെലവഴിച്ചു. 34 തദ്ദേശസ്ഥാപനങ്ങൾ അഞ്ച് ശതമാനത്തിൽ താഴെ തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 88.28 കോടിയിൽ 1.15 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.

Advertisement
Advertisement