ടാക്‌സി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചവരെ പിടികൂടണം

Saturday 21 August 2021 12:18 AM IST

നെടുമ്പാശേരി: കോഴിക്കോട് പേരാമ്പ്രയിൽ വച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി ഡ്രൈവർ കാഞ്ഞൂർ കല്ലുംകൂട്ടത്തിൽ കെ.പി. അനീഷിനെ ഓട്ടം പോയി മടങ്ങുന്നതിനിടെ ആക്രമിച്ച ആറംഗ സംഘത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ടാക്‌സി ഓപ്പറേറ്റേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. രണ്ട് കാറുകളിലായി എത്തിയ സംഘം നാല് ടയറും കമ്പികൊണ്ട് കുത്തിക്കീറുകയും അനീഷിനെ മർദിക്കുകയും പിന്നീട് അനീഷിനെ വാഹനത്തിന്റെ ബോണറ്റിൽ ഇരുത്തി ദീർഘദൂരം കൊണ്ട് പോകുകയും ചെയ്തു. ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

വിമാനത്താവളത്തിൽ അംഗീകൃത ഡ്രൈവർമാരും അനധികൃതമായി കള്ള സർവീസ് നടത്തുന്ന ചില യൂബർ ടാക്‌സിക്കാരും തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് യാത്രക്കാരെ കൊണ്ടുപോകേണ്ട യൂബർ ടാക്‌സി ഡ്രൈർമാരിൽ ചിലർ എയർപോർട്ടിൽ നിന്ന് അനധികൃത ഓട്ടം പോകുന്നത് ചോദ്യം ചെയ്യാറുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അധികാരികൾക്ക് നിരവധി വട്ടം പരാതി നൽകിയിട്ടുള്ളതാണ്. ഓൺലൈൻ ബുക്കിംഗിന് മാത്രമാണ് യൂബർ ടാക്‌സിക്ക് പെർമിറ്റ്. അത് മറികടന്ന് ഓട്ടം എടുക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ആക്രമിച്ചവരിൽ നെടുമ്പാശ്ശേരിയിൽ കള്ള ടാക്‌സി ഓടിക്കുന്ന ഡ്രൈവറടക്കമുള്ളതായി അനീഷ് പറഞ്ഞു. അനീഷിനെ ആക്രമിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും സൊസൈറ്റി അംഗങ്ങളായ ടി.വൈ. എൽദോ, എൽദോ യോഹന്നാൻ , എ.പി. മണി, ടി.വി. വിപിൻ, മറിയാമ്മ പൗലോസ്, ടി.കെ. കവിത എന്നിവർ ആവശ്യപെട്ടു.

Advertisement
Advertisement