കൊവിഡാനന്തര ചികിത്സയ്ക്ക് ഫീസ്: വിവാദ ഉത്തരവ് തിരുത്തിയേക്കും

Saturday 21 August 2021 12:18 AM IST

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ എ.പി.എൽ വിഭാഗത്തിൽപെട്ടവരിൽ നിന്ന് കൊവിഡാനന്തര ചികിത്സയ്ക്ക് ഫീസ് ഈടാക്കണമെന്ന ഉത്തരവ് വിവാദത്തിലായതോടെ അതിൽ തിരുത്തൽ വരുത്തിയേക്കും. പൊതുസമൂഹത്തിൽ നിന്ന് എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണിത്. ധനവകുപ്പിന്രെ ശുപാർശ പ്രകാരം ഇറക്കിയ ഉത്തരവിൽ ആരോഗ്യവകുപ്പിനും അതൃപ്തിയുണ്ടായിരുന്നു.

വാർഡിൽ കഴിയുന്നവർ ചികിത്സയ്ക്ക് ഉൾപ്പെടെ ഫീസ് നൽകണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ്. എന്നാൽ, ചികിത്സ സൗജന്യമാക്കി, പരിശോധനകൾക്ക് മാത്രം നിശ്ചിത തുക ഈടാക്കാനുള്ള പുതിയ ഉത്തരവാകും ഇറക്കുക എന്നാണ് സൂചന. വിഷയം പരിശോധിക്കാൻ ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡേയെ സർക്കാർ ചുമതലപ്പെടുത്തി. ധനവകുപ്പുമായി ആലോചിച്ചശേഷമാകും അന്തിമ തീരുമാനം എടുക്കുക. സൗജന്യ ചികിത്സ തുടരുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന ധനകാര്യസെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ എ.പി.എൽ വിഭാഗത്തിൽ നിന്ന് ദിവസം 750 രൂപ മുതൽ 2000 രൂപ വരെ കിടക്കയ്ക്ക് ഈടാക്കാനായിരുന്നു നിർദ്ദേശം. നിരക്ക് ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉൾപ്പെടെ ബാധകമാക്കിയിരുന്നു.

ഉത്തരവ് പ്രകാരമുള്ള നിരക്ക്

 ജനറൽ വാർഡിന്- 750 രൂപ

 ഐ.സി.യു വെന്റിലേറ്റർ- 2000

 ഐ.സി.യു- 1500

 എച്ച്.ഡി.യു- 1250

Advertisement
Advertisement