ഓണക്കോടിയുടുത്ത് അരുമകളും

Saturday 21 August 2021 12:00 AM IST

കൊച്ചി: വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി കരുതി സ്‌നേഹിക്കുന്നവർ ഏറെയാണ്. അങ്ങനെയുള്ളവർക്കായി ഈ ഓണത്തിന് കൊച്ചിയിലൊരു സർപ്രൈസുണ്ട്. നായ്ക്കളും പൂച്ചകളുമുൾപ്പെടെ വളർത്തുമൃഗങ്ങൾക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളിനഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആൺവർഗത്തിലും പെൺവർഗത്തിലുംപെട്ട വളർത്തുമൃഗങ്ങൾക്ക് തരംതിരിച്ചുള്ള ഓണക്കോടികൾ എത്തിയത്.
കേരളത്തിന്റെ തനതുശൈലിയിലുള്ള കസവുകരയിട്ട ഷർട്ടുകൾ ആൺമൃഗങ്ങൾക്കും കസവിന്റെ ബോ ടൈ വച്ച ഉടുപ്പ് പെൺമൃഗങ്ങൾക്കും. ഇവയ്ക്കുള്ള മറ്റ് വസ്ത്രങ്ങളും ബോ ടൈകളുമെല്ലാം ഇവിടെയുണ്ട്. 399 മുതൽ 2,299 രൂപ വരെയാണ് വില. വളർത്തുനായ്ക്കളെയും പൂച്ചകളെയും ഭംഗിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്ന രീതി പുതിയതല്ല. എന്നാൽ, ഓണക്കോടി ആദ്യമായിരിക്കും.
കുട്ടികളുടെ വസ്ത്രബ്രാൻഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് അരുമകൾക്ക് ഓണക്കോടി വിപണിയിലെത്തിച്ചത്. നിരവധി ചലച്ചിത്ര താരങ്ങൾ ഇതിനോടകം തങ്ങളുടെ അരുമകൾക്ക് ഓണക്കോടിയെടുത്തു.
സർക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിർമിച്ച 100 ശതമാനം കൈത്തറിവസ്ത്രങ്ങളാണ് ഇവയെല്ലാം. കൊവിഡ് കാലത്ത് മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായതാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചതെന്ന് ജസ്റ്റ് ഡോഗ്‌സിന്റെ ഉടമകൾ പറയുന്നു. എബിസാം തോമസ്, ജൂബിൻ ഷാജു, അനൂപ് ശങ്കർ എന്നിവരാണ് കടയുടമകൾ. മൂവരും ഐ.ടി പ്രൊഫഷണലുകളാണ്.

 മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളർത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രേരണയായത്.

എബി സാം തോമസ്

ജസ്റ്റ് ഡോഗ്‌സ്

Advertisement
Advertisement