സ്‌റ്റാർട്ടപ്പുകളിൽ നിറഞ്ഞ് $1,690 കോടി നിക്ഷേപം

Saturday 21 August 2021 3:15 AM IST

 വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപത്തിൽ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനം

കൊച്ചി: ഈ വർഷം ജനുവരി-ജൂലായ് കാലയളവിൽ ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയ വെഞ്ച്വർ കാപ്പിറ്റൽ (സ്വകാര്യ ഇക്വിറ്റി) നിക്ഷേപം 1,690 കോടി ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ). ഏഷ്യ - പസഫിക് മേഖലയിൽ ചൈന കഴിഞ്ഞാൽ ഏറ്റവുമധികം നിക്ഷേപം നേടിയത് ഇന്ത്യയാണ്.

കൊവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങൾ ഒട്ടേറെ രാജ്യങ്ങളുടെ സമ്പദ്‌സ്ഥിതിയെ ബാധിക്കുന്നതിനിടെ, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട് നിക്ഷേപകർ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിൽ ശുഭപ്രതീക്ഷകളോടെ നിക്ഷേപം നടത്തുകയാണെന്ന് പ്രമുഖ ഡേറ്റ ആൻഡ് അനലിറ്റിക്‌സ് കമ്പനിയായ ഗ്ളോബൽഡേറ്റ വ്യക്തമാക്കി. 828 വെ‌ഞ്ച്വർ കാപ്പിറ്റൽ നിക്ഷേപ ഇടപാടുകളാണ് ജനുവരി-ജൂലായിൽ ഉണ്ടായത്.

360 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) സമാഹരിച്ച ഫ്ളിപ്‌കാർട്ടിന്റെ ഇടപാടാണ് ഇതിൽ ശ്രദ്ധേയം. മൊഹലാടെക് (ഷെയർ ചാറ്റ്) 50 കോടി ഡോളർ (3,700 കോടി രൂപ), സൊമാറ്റോ 50 കോടി ഡോളർ (3,700 കോടി രൂപ), തിങ്ക് ആൻഡ് ലേൺ (ബൈജൂസ്) 46 കോടി ഡോളർ (3,400 കോടി രൂപ) എന്നിങ്ങനെയും സമാഹരിച്ചു. സ്മാർട്ഫോണുകളുടെ വ്യാപനം, കുറഞ്ഞനിരക്കിലെ ഇന്റർനെറ്റ് ഡേറ്റാ ലഭ്യത എന്നിവ ഇന്ത്യയെ ഡിജിറ്റൽരംഗത്ത് വൻ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ സ്‌റ്റാർട്ടപ്പുകളാണെന്ന് ഗ്ളോബൽഡേറ്റ പറയുന്നു. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഏറ്റവുമധികം യുണീകോൺ കമ്പനികളുള്ള (100 കോടി ഡോളറിലധികം മൂല്യമുള്ളവ) രാജ്യവുമാണ് ഇന്ത്യ. കൊവിഡിൽ ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി, സോഷ്യൽ മീഡിയ ആൻഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ്, എജ്യുടെക്, ഡിജിറ്റൽ പേമെന്റ്‌സ് സ്‌റ്റാർട്ടപ്പുകളിലേക്കാണ് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ പ്രധാനമായും നിക്ഷേപമൊഴുക്കിയത്.

Advertisement
Advertisement