തിരക്കിന്റെ ഉത്രാടപ്പാച്ചിലിനു പിറകെ ആഹ്ളാദത്തിന്റെ അലകളുയർത്തി പൊന്നിൻ തിരുവോണം

Saturday 21 August 2021 12:34 AM IST

കോഴിക്കോട്: നാട്ടിൻപുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ തിരക്കിന്റെ ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണ നാളിനുള്ള ഒരുക്കംകൂട്ടലുകൾക്ക് നടുവിലായിരുന്നു മലയാളികളൊക്കെയും.

കടകമ്പോളങ്ങളിൽ അവസാനഘട്ടത്തിലെ പൊരിഞ്ഞ കച്ചവടമായിരുന്നു രാവിലെ മുതൽ രാത്രി വൈകുംവരെയും. അതേസമയം, തിരക്ക് അതിരുവിടുന്നത് ഒഴിവാക്കാൻ നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലൊക്കെയും പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു.

ഓണക്കോടിയ്ക്കായി എത്തുന്നവരുടെ തിരക്ക് ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല വസ്ത്രവ്യാപാരശാലകളിൽ. പച്ചക്കറി, മീൻ മാർക്കറ്റുകളിലും ആളുകളുടെ തള്ളിക്കയറ്റം അനുഭവപ്പെട്ടു. പൂവിപണിയിലും ആവശ്യക്കാരുടെ പ്രവാഹമായിരുന്നു. പതിവ് തെറ്റാതെ മിഠായിത്തെരുവ്, പാളയം, മാവൂർ റോഡ്, വലിയങ്ങാടി ഭാഗങ്ങളിലായിരുന്നു ഇന്നലെ തിരക്ക് കൂടുതലും.

കൊവിഡ് ആശങ്കയിൽ നേരത്തെ തന്നെ സാധനങ്ങൾ വാങ്ങിവച്ചവരും ഏറെയാണ്. മിഠായിതെരുവിൽ ഇന്നലെ രാവിലെ അത്ര തിരക്കുണ്ടായില്ലെങ്കിലും ഉച്ചയ്ക്ക് ശേഷം ആളുകൾ കൂടുതലായെത്തി. വൈകിട്ട് ഓണത്തിരക്ക് ഏറിയതോടെ നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതുക്കുരുക്കായി. തിരക്കൊഴിവാക്കാൻ നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടും വലിയ കാര്യമുണ്ടായില്ല. ഗതാഗതം സുഗമമാക്കാൻ പൊലീസുകാർക്ക് ഏറെ പാടുപെടേണ്ടി വന്നു. പാളയം, പുതിയ ബസ്റ്റാൻഡ്, ദീവാർ ജംഗ്ഷൻ, രണ്ടാംഗേറ്റ് ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ഏറെ നേരം നീണ്ടു. ആഘോഷം വീടുകളിൽ മതിയെന്നും അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പിന് പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

 മങ്ങൽ മാറി; വിപണി തെളിഞ്ഞു

കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ നിയന്ത്രണം കടുപ്പിച്ച നാളുകൾ നീണ്ടപ്പോൾ, ഇളവിന്റെ ആശ്വാസത്തിൽ വിപണയിൽ കാര്യമായ ചലനമുണ്ടായത് ഈ ഓണക്കാലത്താണ്. ഓണക്കോടി വാങ്ങാനും ഗൃഹോപകരണങ്ങളടക്കം മറ്റു സാധനങ്ങളുടെ ഷോപ്പിംഗിനും അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമായി ആളുകൾ ഒഴുകാൻ തുടങ്ങിയതോടെ കച്ചവടക്കാരുടെ മനം തെളിഞ്ഞുവരികയായിരുന്നു.

കഴിഞ്ഞ വർഷത്തെ ഓണം കൊവിഡ് കൊണ്ടുപോയ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കച്ചവടക്കാർ. ഈ വർഷവും നീണ്ട ലോക്ക് ഡൗൺ വേളയായപ്പോൾ പ്രതിസന്ധി വീണ്ടും രൂക്ഷമായി. കാത്തിരിപ്പിന്റെ ഘട്ടം കഴിഞ്ഞ് ഓണവിപണിയിൽ തിരക്കേറിയിരിക്കെ നഷ്ടപ്പെട്ട കച്ചവടം പകുതിയെങ്കിലും തിരിച്ചുപിടിക്കാനായതിന്റെ ആശ്വാസത്തിലാണ് വ്യാപാരിസമൂഹം. ആകർഷകമായ നിരവധി ഓഫറുകളുമായാണ് വിപണി ഉപഭോക്താക്കളെ വരവേറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓണവിപണിയിൽ തിരക്കേറിയെങ്കിലും പതിവ് നിലയിലേക്ക് വിറ്റുവരവ് ഉയർന്നിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.


 നിറപ്പൊലിമയിൽ പൂവിപണി

ഓണത്തിനു മുമ്പേ തന്നെ നാട്ടിലും നഗരത്തിലും സജീവമായിരുന്ന പൂവിപണിയിൽ ഇന്നലെ തിരക്കിന്റെ പൂരമായിരുന്നു. തിരുവോണത്തിന് പൂക്കളം കെങ്കേമമാക്കാൻ കുട്ടികളടക്കം ആവശ്യക്കാർ പൂക്കച്ചവടക്കാരെ പൊതിഞ്ഞു. ഡിമാൻഡ് ഏറിയതനുസരിച്ച് പൂക്കളിൽ മിക്ക ഇനങ്ങൾക്കും വിലയും ഉയർന്നു. മിക്കയിടത്തും പൂക്കൾ പലതും പെട്ടെന്നു തീർന്നു പോയിരുന്നു. കർണാടക അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ചതിനാൽ അവിടെ നിന്നുള്ള പൂവിന്റെ വരവ് പതിവുപോലെയുണ്ടായിട്ടില്ല.

 ഓണപ്പൊട്ടനില്ലാതെ...

ഉത്രാടത്തിരക്കിൽ ഓട്ടുമണിയും ഓലക്കുടയുമായെത്താറുള്ള ഓണപ്പൊട്ടനെ ഇത്തവണയും കണ്ടില്ല. കൊവിഡ് തീവ്രവ്യാപനം മൂലം പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണായതോടെ ഓണപ്പൊട്ടൻ കെട്ടൽ ഒഴിവാക്കി. മാവേലിയുടെ പ്രതിപുരുഷന്മാരായാണ് പ്രജകളുടെ ക്ഷേമം അന്വേഷിക്കാനും അനുഗ്രഹം ചൊരിയാനും ഓണേശ്വരന്മാർ വീടുകളിലെത്തുന്നത്. പനയോല കൊണ്ട് നിർമ്മിച്ച കാൽക്കുടയും ചൂടി, തിരുമുടിയും താടിയുമായി, വേഷം കെട്ടി കാണിയും ഉടുത്ത് കയ്യിൽ മണിയും കിലുക്കിയാണ് ഓണപ്പൊട്ടൻ വരാറുള്ളത്.

Advertisement
Advertisement