ജാഗ്രതയ്‌ക്ക് ജാമ്യമില്ലാതെ തിരുവോണം തിളങ്ങും

Saturday 21 August 2021 12:00 AM IST

കൊല്ലം: ഇന്ന് നന്മയുടെയും സമൃദ്ധിയുടെയും ഒരുമയുടെയും പൊന്നിൻ തിരുവോണനാൾ. കൊവിഡ് വ്യാപനത്തിനിടെയും നാട്ടിൽ ഓണലഹരിക്ക് തെല്ല് കുറവില്ല. പൂവിളിയും പൂക്കളവുമൊരുക്കി നാടൊന്നാകെ ഇന്ന് തിരുവോണത്തെ വരവേൽക്കും. ആഘോഷ തിമിർപ്പുകൾക്കിടയിലും സാമൂഹ്യ അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്.

രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തി നാടൊന്നാകെ മഹാബലി തമ്പുരാന്റെ വരവിനായി കാത്തിരിക്കും. പിന്നീട് കുടുംബാംഗങ്ങൾക്ക് ഓണക്കോടികൾ സമ്മാനിക്കും. ഈ സമയം അടുക്കളയിൽ നിന്ന് തിരുവോണ സദ്യയ്ക്കായി പാകം ചെയ്യുന്ന വിഭവങ്ങളുടെ മണം ഒഴുകിപ്പരക്കും. കുട്ടികൾ മുറ്റത്ത് ഓണക്കളികളിൽ തിമിർക്കും. ഉച്ചയോടെ കുടുംബാംഗങ്ങളെല്ലാം ഓണക്കോടിയുടുത്ത് ഒരുമിച്ചിരുന്ന് തൂശനിലയിൽ വിഭവ സമൃദ്ധമായ സദ്യ കഴിക്കും. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ഇത്തവണയും ക്ലബുകളുടെയും മറ്റു സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളില്ല.

 ഉത്രാടത്തിരക്കിൽ മുഴുകി നഗരം

ഉത്രാടദിവസമായ ഇന്നലെ നഗരപ്രദേശങ്ങളിലെല്ലാം വലിയ തിരക്കാണനുഭവപ്പെട്ടത്. തിരുവോണ വിഭവങ്ങൾക്കായി ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വസ്‌ത്രശാലകളിലും പലചരക്ക് കടകളിലും സൂപ്പർമാർക്കറ്റുകളിലും മാളുകളിലും വൻ തിരക്കായിരുന്നു. വൻകിട വാണിജ്യ സമുച്ചയങ്ങളിലും തെരുവോര കച്ചവടക്കാരുടെ മുന്നിലും ഒരേപോലെ ആൾക്കൂട്ടം ഒഴുകിയെത്തി.

റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരത്തുകളൊന്നാകെ വാഹനങ്ങൾ കൈയടക്കിയപ്പോൾ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും വല്ലാതെ പണിപ്പെട്ടു. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും ഇന്നലെ ഏറെ വൈകിയാണ് അടച്ചത്.

 കർശന നിരീക്ഷണം

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ തടിച്ചൂകൂടി ഓണാഘോഷം സംഘടിപ്പിക്കുന്നുണ്ടോയെന്ന് പൊലീസ് കർശനമായി നിരീക്ഷിക്കും. ലഹരി സംഘങ്ങളെ കുടുക്കാൻ എക്സൈസും രംഗത്തുണ്ട്.

 കാൽ ലക്ഷം പേർ നിരീക്ഷണത്തിൽ

ജില്ലയിൽ ഏഴായിരത്തി അഞ്ഞൂറോളം പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 24,000ലധികം ആളുകൾ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലാണ്. ഇവർക്ക് മറ്റുള്ളവരെപ്പോലെ ഓണാഘോഷം കെങ്കേമമാക്കാനാവില്ല. നിരീക്ഷണത്തിലുള്ളവരിൽ അധികവും വീടുകളിലാണെന്നത് ചെറിയതോതിൽ ആശ്വാസമുയർത്തുന്നു.

Advertisement
Advertisement