വരുന്നൂ, ഒറ്റപ്പാലത്ത് പാർക്കിംഗ് കേന്ദ്രം

Monday 23 August 2021 12:35 AM IST

ഒറ്റപ്പാലം: വാഹനങ്ങൾക്ക് നിറുത്തിയിടാൻ സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിൽ പാർക്കിംഗിന് പ്രത്യേക സ്ഥലമൊരുക്കാൻ തീരുമാനം. കെ. പ്രേംകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് പാർക്കിംഗ് കേന്ദ്രമൊരുക്കാൻ തീരുമാനിച്ചത്.
സുഗമമായ നഗര ഗതാഗതത്തിന് തടസം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റാനും തീരുമാനിച്ചു. ഇതിനായി പദ്ധതി തയ്യാറാക്കാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സമാകാത്ത രീതിയിലാണ് ഇവ മാറ്റിസ്ഥാപിക്കുക. നഗരത്തിൽ പൊട്ടിപ്പൊളിഞ്ഞ് അപകടകരമായ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും വഴിവിളക്കുകളെല്ലാം പ്രകാശിപ്പിക്കാനും നടപടിയെടുക്കും.
റോഡിൽ പൈപ്പുലൈനുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുമ്പോൾ പലപ്പോഴും ഇത് മൂടുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ഇത് പരിഹരിക്കാനും പൊതുമരാമത്ത് വകുപ്പിനോടും ജല അതോറിറ്റിയോടും നിർദേശിച്ചു.
യോഗത്തിൽ എം.എൽ.എ.ക്ക് പുറമെ ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ. രാജേഷ്, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

  • പാർക്കിംഗ് കേന്ദ്രം

ഒറ്റപ്പാലം ബസ് സ്റ്റാൻഡിന് പിറകിലെ നഗരസഭയുടെ സ്ഥലത്താണ് പാർക്കിംഗ് കേന്ദ്രം ഒരുങ്ങുക. നഗരസഭ നേരിട്ടാകും കേന്ദ്രം നടത്തുക. പണം കൊടുത്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള പാർക്കിംഗ് ഏരിയയിൽ ജീവനക്കാരെ നിയമിക്കാനും തീരുമാനമായി.

Advertisement
Advertisement