മഹാമാരിക്കിടയിലും വാനരർക്ക് ഓണസദ്യ വിളമ്പി

Monday 23 August 2021 12:13 AM IST
മാണിക്കമ്മയുടെ സാന്നിദ്ധ്യത്തിൽ ഇടയിലക്കാട്ടിൽ നടന്ന വാനര സദ്യ

തൃക്കരിപ്പൂർ: ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് പതിനാലാം തവണയും ഓണസദ്യ. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കൊവിഡ് മഹാമാരിയുടെ കാലത്തും അവിട്ടം നാളിൽ വിഭവസമൃദ്ധമായ സദ്യയൊരുക്കിയത്.

കാവിലെ വാനരസംഘത്തിന് 20 വർഷക്കാലം മുറതെറ്റാതെ ഉപ്പു ചേർക്കാത്ത ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയെന്ന എൺപതുകാരി കഴിഞ്ഞ 20 മാസക്കാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. നിത്യവും ചോറൂട്ടി സഹജീവി സ്നേഹം കാട്ടിയ ഈ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഈ വർഷത്തെ സദ്യ.

ചക്ക, സർബത്തിൻ കായ, പൈനാപ്പിൾ, ഉറുമാൻ പഴം, ചെറിയ വാഴപ്പഴം, നേന്ത്രപ്പഴം, വത്തക്ക, മധുര നാരങ്ങ, പേരയ്ക്ക, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, കക്കിരിക്ക എന്നിവ വിഭവങ്ങളായി നിരന്നു. പപ്പട വട്ടത്തിലായിരുന്നു ബീറ്റ്റൂട്ടും മധുര നാരങ്ങയും നുറുക്കി നിരത്തിയത്. കുടിക്കാൻ സ്റ്റീൽ ഗ്ലാസ്സിൽ വെള്ളവും കരുതിയിരുന്നു. കൊമ്പുകുലുക്കിയും പല്ലുകാട്ടിയും സംഘാടകരെ ഭീഷണിപ്പെടുത്തി സദ്യയുണ്ണാനെത്തിയ കുരങ്ങുപട ആവോളം ഓണമുണ്ടു. സംഘാടകരിലെ മാസ്ക്കുകൾ കൈക്കലാക്കിയ വാനരപ്പടയുടെ വിക്രിയകൾ കാണികൾക്ക് കൗതുകകാഴ്ചയായി.

കാവിന്റെ പച്ചമേലാപ്പിൽ ചെമ്പരത്തിയുടെയും കോളാമ്പിപ്പൂവിന്റെയും അലങ്കാരത്തിൽ സദ്യക്ക് ആഘോഷപ്പൊലിമ പകർന്നു. ബാലവേദിയുടെ നേതൃത്വത്തിലായിരുന്നു വാനരർക്കുള്ള ഓണസദ്യയെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്നവരായിരുന്നു സദ്യയുടെ വിളമ്പുകാർ. ഗ്രന്ഥശാലാ പ്രവർത്തകരായ പി. വേണുഗോപാലൻ, പി.വി പ്രഭാകരൻ, വി.കെ കരുണാകരൻ, എം. ബാബു, ആനന്ദ് പേക്കടം, വി. രാഹുൽ, എ. സുമേഷ്, എൻ.വി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement