കൊവിഡ് വ്യാപനം രൂക്ഷമാകുന്നു, ഇന്നലെ ജില്ലയിൽ 338 പേർക്ക് കൊവിഡ്

Monday 23 August 2021 12:06 AM IST

പത്തനംതിട്ട : ജില്ലയിൽ ഒാരോ ദിവസവും ടി.പി.ആർ ഉയരുകയാണ്. ഇന്നലെ 14.1 ശതമാനത്തിലെത്തി. ജില്ലയിൽ പരിശോധനകളുടെ എണ്ണം കുറഞ്ഞത് സാഹചര്യം സങ്കീർണമാക്കുന്നുണ്ട്. ഒാണം അവധി ദിവസങ്ങളായതിനാൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരിൽ ഭൂരിഭാഗവും പരിശോധന നടത്തിയിട്ടില്ല. ഇത് കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളിലേക്ക് രോഗം പരത്തുമെന്ന് ആരോഗ്യ പ്രവർത്തകർ ആശങ്കപ്പെടുന്നു. ഇന്നലെ 338 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറവാണെങ്കിലും ടി.പി.ആർ 14 കടന്നത് രോഗ വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയാണ്. 21ന് 511 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ടി.പി.ആർ 13 ശതമാനമായിരുന്നു. 20ന് 797 പേർക്ക് രോഗം കണ്ടെത്തി. ടി.പി.ആർ 11.9 ശതമാനമായിരുന്നു.

ഗ്രാമപ്രദേശങ്ങളിലാണ് വ്യാപനം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കുട്ടികൾ അടക്കമുള്ളവർ കൂട്ടംചേർന്ന് ഒാണം ആഘോഷിക്കുകയും ബന്ധുവീടുകളിലേക്ക് യാത്ര പോവുകയും ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ടി.പി.ആർ വീണ്ടും കുതിച്ചുയരുമെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം കണ്ടെത്തുന്ന ബ്രേക്ക് ത്രൂ കേസുകൾ മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയിൽ കൂടുതലാണ്. ഗവ. ആശുപത്രികളിലെ സൂപ്രണ്ടുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരിലും ബ്രേക്ക് ത്രൂ കേസുകൾ കണ്ടെത്തി.

Advertisement
Advertisement