തീവ്രവാദത്തിന് മയക്കുമരുന്ന് കടത്ത്: നിരീക്ഷണം ശക്തമാക്കി​ കേന്ദ്ര ഏജൻസികൾ

Monday 23 August 2021 12:00 AM IST

കൊച്ചി: ആയുധ -മയക്കുമരുന്ന് കടത്തിനും തീവ്രവാദത്തിനും ഒത്താശ നൽകുന്നവരെ കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണവും പരിശോധനകളും ശക്തമാക്കി.

‌ട്രോളിംഗ് നിരോധനം പിൻവലിച്ചതിന് പിന്നാലെ സമുദ്രമേഖലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവും നിരീക്ഷണത്തിലാണ്. പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ചരക്കു കപ്പലുകൾ വഴി ആയുധങ്ങളും മയക്കുമരുന്നും ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലേ കടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ എൻ.ഐ.എ., നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഐ.ബി തുടങ്ങിയ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. നാവികസേനയും കോസ്റ്റ് ഗാർഡും പുറംകടലിൽ ലക്ഷദ്വീപിന് സമീപം നിരീക്ഷണവും പരിശോധനകളും നടത്തുന്നുണ്ട്. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളെ മയക്കുമരുന്ന് ഒളിപ്പിക്കാൻ ദുരുപയോഗിക്കുന്നതായി​ എൽ.ഐ.എക്ക് വിവരം ലഭിച്ചിരുന്നു.

അഞ്ച് എ.കെ. 47 തോക്കുകളും ആയിരം തിരയും മയക്കുമരുന്നുമായി ലക്ഷദ്വീപിന് സമീപത്തുനിന്ന് മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് കഴിഞ്ഞ ഏപ്രിലിൽ പിടികൂടിയിരുന്നു. അറസ്റ്റിലായ ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് എൻ.ഐ.എക്ക് നൽകിയ മൊഴികളിൽ കടൽ വഴിയുള്ള മയക്കുമരുന്ന് ആയുധക്കടത്ത് ഇടപാടിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നു. അങ്കമാലിക്ക് സമീപം കിടങ്ങൂരിൽ ഏറെനാൾ താമസിച്ച സുരേഷ് രാജ് കൊച്ചിയിൽ നടത്തിയ ഹവാല ഇടപാടുകളെക്കുറിച്ചും എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിക്കുന്ന എൽ.ടി.ടി.ഇ വീണ്ടും തീവ്രവാദം ശക്തമാക്കാൻ നീക്കം നടത്തുന്നതായും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. ശ്രീലങ്കൻ പൗരന്മാരും തമിഴ്നാട്ടിലെ കണ്ണികളും ചേർന്നാണ് ഇടപാടുകൾ നടത്തുന്നത്. തമിഴ്നാട്ടിലെ കടലൂർ കേന്ദ്രമായി എൽ.ടി.ടി.ഇ അനുഭാവികൾ മയക്കുമരുന്ന് കടത്തുന്നുണ്ട്. അങ്കമാലിയിൽ അറസ്റ്റിലായ സുരേഷ് രാജിന്റെ സഹോദരൻ ശരവണനെ കടലൂരിൽ നിന്നാണ് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടുകാരെന്ന വ്യാജരേഖകളുമായാണ് ഇവർ താമസിച്ചിരുന്നത്. കടലൂരും അങ്കമാലിയും ഉൾപ്പെടെ ആറിടങ്ങളിൽ കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയ എൻ.ഐ.എ ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ കണ്ടെടുത്തിരുന്നു.

കടത്തി​ന് മറയായി​ മത്സ്യബന്ധനം

മുനമ്പം, വൈപ്പിൻ, കൊച്ചി ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തി​ക്കുന്നത് തമിഴ്നാട് രജിസ്ട്രേഷനുള്ള നിരവധി ബോട്ടുകൾ.

ഒരു മാസത്തിലേറെ പുറംകടലിൽ കഴിയാവുന്ന ഇവയി​ൽ ചി​ലതി​നെങ്കി​ലും മയക്കുമരുന്ന് കടത്തുമായി​ ബന്ധമുണ്ട്.

പാകി​സ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എൽ.ടി.ടി.ഇ സംഘങ്ങൾ മയക്കുമരുന്ന് ആദ്യം ബോട്ടുകളിൽ ശ്രീലങ്കയിലെത്തിക്കും.

തുടർന്ന് തമി​ഴ്നാട്ടിലെ മത്സ്യബന്ധന തുറമുഖങ്ങളിലും കേരളത്തിലും എത്തിക്കുന്നു.

Advertisement
Advertisement