ആശങ്കയുടെ മഴക്കുറവ്

Tuesday 24 August 2021 12:02 AM IST

മലപ്പുറം: ഇങ്ങനെയെങ്കിൽ കാർഷിക കലണ്ടറെല്ലാം താളം തെറ്റും. വേനൽ അടുക്കും മുമ്പേ കുടിവെള്ളത്തിന് നെട്ടോട്ടം ഓടേണ്ടിയും വരും. മൺസൂൺ മഴ തീരെ കുറഞ്ഞതോടെ കർഷകരടക്കം ആശങ്കയിലാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ കിട്ടേണ്ട മഴ ആഗസ്റ്റിലേക്ക് വഴിമാറിയതോടെ ആണ് ജില്ല പ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ആഗസ്റ്റിലെ ആദ്യവാരത്തിന് ശേഷമുണ്ടാവുന്ന ശക്തമായ മഴയാണ് പ്രളയങ്ങളിലേക്ക് വഴിവച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ആഗസ്റ്റിൽ കനത്ത മഴയുണ്ടായി. ഇത്തവണ പ്രളയഭീതി അകന്നെങ്കിലും മഴയിലെ വലിയ കുറവാണ് ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൺസൂൺ മഴയിൽ 53 ശതമാനത്തിന്റെ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 97.7 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 45.7 മില്ലീമീറ്റർ മഴ ലഭിച്ചു. മലപ്പുറം അടക്കം എട്ട് ജില്ലകളിൽ മഴയിൽ അമ്പത് ശതമാനത്തിന്റെ കുറവുണ്ട്. സംസ്ഥാനത്ത് ഇക്കാലയളവിൽ 45 ശതമാനത്തിന്റെ കുറവാണുള്ളത്. ജൂൺ ഒന്നുമുതൽ ഇതുവരെ ജില്ലയിൽ മൺസൂൺ മഴയിൽ 37 ശതമാനത്തിന്റെ കുറവുണ്ട്. 1648.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ 1037.9 മില്ലീമീറ്റർ മഴയാണ് ഇതുവരെ പെയ്തത്. 608 മില്ലീമീറ്റർ മഴയുടെ കുറവ്. സമീപകാലത്തെ മൺസൂൺ മഴയിലെ വലിയ കുറവാണിത്. ജൂൺ, ജൂലൈ മാസങ്ങളിൽ നിറുത്താതെ പെയ്യേണ്ട മഴ മാറിനിന്നപ്പോൾ ആഗസ്റ്റിൽ മഴ തുണയ്ക്കുമെന്ന പ്രതീക്ഷകളിലായിരുന്നു. ഇതു തകിടം മറിഞ്ഞതോടെ മൺസൂൺ ഇത്തവണ മഴക്കുറവിൽ തന്നെ അവസാനിച്ചേക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മൺസൂൺ മഴ

ജില്ല മഴയുടെ കുറവ്
(ശതമാനത്തിൽ)
മലപ്പുറം - 37
തിരുവനന്തപുരം - 36
കൊല്ലം - 32
ഇടുക്കി - 25
ആലപ്പുഴ - 29
കോട്ടയം - ഒരുശതമാനം അധിക മഴ
എറണാകുളം - 14
തൃശൂർ - 29
പാലക്കാട് - 40
കോഴിക്കോട് - 23
വയനാട് - 39
കണ്ണൂർ - 36
കാസർകോട് - 30

Advertisement
Advertisement