ദൈവദശകത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു: മുഖ്യമന്ത്രി

Tuesday 24 August 2021 12:01 AM IST

കണ്ണൂർ: വർഗ്ഗീയ സ്പർധയുടെ കാട്ടുതീ എരിയുന്ന ദേശങ്ങളിൽ ഗുരുവിന്റെ ദൈവദശകത്തിന്റെ പ്രസക്തി ഏറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 167-ാമത് ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ

ദൈവദശകം കൂട്ടായ്മയും ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റും ചേർന്ന് ലോകത്തെ 100 മഹാനഗരങ്ങളിലെ ദൈവദശകം ആലാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെ ജയന്തി ദിനത്തിൽ അസാധാരണമായ ചടങ്ങാണ് ദൈവദശകം മുൻനിറുത്തി ലോകത്തെമ്പാടും നടക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിലുമായും നൂറു കേന്ദ്രങ്ങളിൽ ഒരേ ദിനം ഒരേ സ്തോത്ര കൃതി ആലപിക്കപ്പെടുന്നത് ലോക ചരിത്രത്തിൽത്തന്നെ ഇതാദ്യമാകാം. ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ സാർവ്വകാലികവും സാർവ്വലൗകികവുമായ പ്രസക്തിയെയും പ്രാധാന്യത്തെയുമാണ് ഇത് വിളിച്ചറിയിക്കുന്നത്.

ശ്രീനാരായണ ദർശനങ്ങൾക്ക് മാറി വരുന്ന കാലത്തും ഏറെ സാംഗത്യമുണ്ടാവുകയാണ്. ലോകത്തെ വംശീയ- വർഗ്ഗീയ സംഘർഷ കേന്ദ്രങ്ങളിലേക്ക് ദൈവദശകത്തിന്റെ സന്ദേശമെത്തിക്കാൻ കഴിഞ്ഞാൽ അത് ശാന്തതയുടെ സാന്ത്വന ഔഷധമാകുമെന്നത് നിസ്തർക്കമാണ്. ഗാസയിലാകട്ടെ, അഫ്ഗാനിസ്ഥാനിലാകട്ടെ, ഇന്ത്യയിൽത്തന്നെയാകട്ടെ. ഈ നിലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നതുകൊണ്ടാകണം ദൈവദശകം കൂട്ടായ്മ' അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്. ഒരേസമയം, കാലുഷ്യം നിറഞ്ഞ ലോകത്തെ ക്കുറിച്ചുള്ള വ്യഥകളും കാലുഷ്യമില്ലാത്ത ലോകത്തെ സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടുകളും നിറഞ്ഞതാണ് ദൈവദശകം. ലോകത്തിന്റെ വിവിധ നഗരങ്ങളിൽ ഈ പ്രാർത്ഥന മുഴങ്ങിക്കേൾക്കുന്നത് ലോക സമാധാനത്തിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. മനുഷ്യ മനസ്സുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മൊഴി മാറ്റി സമാഹരിച്ചത്

ഗിരിഷ് ഉണ്ണികൃഷ്ണൻ

ദൈവദശകം 100 ലോക ഭാഷകളിലേക്ക് മൊഴി മാറ്റി സമാഹരിച്ചത് കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണനാണ്. ലോകത്തെ വിവിധ ദേശങ്ങളിലെ ഭാഷാ വിദഗ്ദ്ധർ, സർവകലാശാലകളിലെ അദ്ധ്യാപകർ, ഗവേഷക വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് നൂറു ഭാഷകളിൽ സമാഹരിച്ചത്. ലോകം മുഴുവൻ ദൈവദശകം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് സമാഹരണം തുടങ്ങിയത്.

Advertisement
Advertisement